a

 കനാൽ നിറഞ്ഞൊഴുകി വീടുകളും റോഡും വെള്ളത്തിലായി

മാവേലിക്കര: മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രി കെ.ഐ.പി കനാൽ തുറന്നുവിട്ടതിനെ തുടർന്ന് തെക്കേക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത് പരിഭ്രാന്തി പരത്തി. കനാൽ നിറഞ്ഞൊഴുകി ഏക്കർ കണക്കിന് നെൽകൃഷിയും വീടുകളും റോഡും വെള്ളത്തിലായി. പ്രളയം സൃഷ്ടിച്ച ഭീതിക്കു ശേഷം രാത്രിയിൽ നാട്ടുകാരെ ഭയപ്പെടുത്തിക്കളഞ്ഞു, അപ്രതീക്ഷിയമായി കനാൽ തുറന്നുവിട്ട നടപടി.

വരേണിക്കൽ, കുറത്തികാട്, ചൂരല്ലൂർ, പള്ളിയാവട്ടം പാടശേഖരങ്ങളിൽ കൊയ്ത്തിന് തയ്യാറായി നിന്നിരുന്ന നൂറു കണക്കിന് ഏക്കർ നെൽകൃഷിയാണ് വെള്ളത്തിലായത്. ചെറുപുഷ്പ ബഥനി സ്കൂളിന് പടിഞ്ഞാറു ഭാഗത്ത് കനാൽ കര കവിഞ്ഞൊഴുകി. പരിസരങ്ങളിലെ വീടുകളിലും കിണറുകളിലും അനിയന്ത്രിതമായി വെള്ളം പൊങ്ങി. വരേണിക്കൽ - മേപ്പള്ളിമുക്ക് റോഡിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകിയതോടെ പരിസര പ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി.

വരേണിക്കൽ പാടശേഖരത്തിൽ മൂന്നു പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വിളവായിരുന്നു ഇത്തവണത്തേത്. 125 ഏക്കറിലാണ് ഇവിടെ മാത്രം വെള്ളം കയറിയത്. 15ന് കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടത്ത് കൊയ്ത്തുയന്ത്രങ്ങൾ ഇറക്കാനാവാത്ത സ്ഥിതിയായെന്ന് കർഷകർ പറഞ്ഞു.

കഴിഞ്ഞ വർഷം സമയബന്ധിതമായി വെള്ളം നൽകാതെയും ഇത്തവണ അനവസരത്തിൽ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടും കർഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്നും വെള്ളം നിയന്ത്രിച്ചില്ലെങ്കിൽ 2 കോടി രൂപയോളം നഷ്ടം വരുമെന്നും വരേണിക്കൽ പാടശേഖര സമിതി സെക്രട്ടറി എസ്.ആർ ശ്രീജിത്ത്, കർഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ.ജി.ഹരിശങ്കർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

 വെള്ളം നിറഞ്ഞു, തിറന്നുവിട്ടു

പമ്പ ഇറിഗേഷൻ പ്രോജക്ടിലെ (പി.ഐ.പി) പ്രധാന കനാലുമായി ബന്ധപ്പെട്ടു നിൽക്കുന്ന കനാലാണ് കെ.ഐ.പി (കല്ലട ഇറിഗേഷൻ പ്രോജക്ട് ) കനാൽ. പമ്പ കനാലിൽ വെള്ളം നിറയുമ്പോൾ കെ.ഐ.പി കനാൽ തുറന്നുവി‌ടുന്നത് പതിവാണ്. മുന്നറിയിപ്പില്ലാതെ ചെയ്തതാണ് ജനങ്ങളെ വലച്ചത്.