കായംകുളം: സന്ധ്യാവിളക്ക് തെളിച്ച ശേഷം വീട്ടിലേക്ക് കയറുന്നതിനിടെ, സമീപത്ത് ഒളിഞ്ഞുനിന്ന മോഷ്ടാവ് വൃദ്ധയുടെ തലയ്ക്കടിച്ച് മാല കവരാൻ ശ്രമിച്ചു. പരിക്കേറ്റ പുതുപ്പള്ളി ചാലായിൽ തെക്കതിൽ സുധാമണിയെ (65) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മക്കൾ വിദേശത്തായതിനാൽ സുധാമണി ഒറ്റയ്ക്കാണ് താമസിക്കുന്നത്. തലയ്ക്കടിയേറ്റപ്പോൾ സുധാമണി ബഹളം വച്ചതു കേട്ട് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. നാലര പവനോളം വരുന്ന മാലയുടെ കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് സുധാമണി പറഞ്ഞു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.