photo

ആലപ്പുഴ: തിരഞ്ഞെടുപ്പിന് കൊമ്പൂത്ത് മുഴങ്ങുമ്പോൾ ആലപ്പുഴയുടെ ഹൃദയത്തിൽ ഒളിമങ്ങാത്ത ഓർമ്മകളും ഉണരുകയാണ്. അതിന് കേരള രാഷ്ട്രീയചരിത്രത്തിൽ ക്ളാവ് പിടിക്കാത്ത തിളക്കവും. ആദ്യപാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ഉദിച്ചുയർന്നത് കമ്മ്യൂണിസ്റ്റുകാരനായ പി.ടി.പുന്നൂസായിരുന്നു. തിളക്കത്തിന്റെ പൊലിമ അതുമാത്രമല്ല, കേരള ചരിത്രത്തിൽ ഭാര്യയും ഭർത്താവും ഒരേസമയം നിയമസഭയിലേക്കും ലോക്സഭയിലേക്കും കാലെടുത്ത് വച്ചവർ. പി.ടി. പുന്നൂസ് ലോക്സഭയിലേക്കും ഭാര്യ റോസമ്മ പുന്നൂസ് നിയമസഭയിലേക്കും. അങ്ങനെ അതൊരു ചരിത്രമായി മാറി. ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിന് ആലപ്പുഴയിൽ കോൺഗ്രസിലെ എ.പി.ഉദയഭാനുവിനെ 76,380 വോട്ടുകൾക്ക് പി.ടി.പൊന്നൂസ് പൊട്ടിച്ചപ്പോൾഅത് കമ്മ്യൂണിസ്റ്റ് വിജയമായി . അടുത്ത തിരഞ്ഞെടുപ്പിലും പുന്നൂസ് വിജയം ആവർത്തിച്ചു. ആലപ്പുഴ അപ്പോൾ അമ്പലപ്പുഴ മണ്ഡലമായി രൂപം മാറിയിരുന്നു. പുന്നൂസിന് 1,67,211 വോട്ടും എതിരാളി മുഹമ്മദ് ഷെരീഫിന് 1,37,016 വോട്ടും രാമകൃഷ്ണ ചാന്നാർക്ക് 20,244 വോട്ടും ലഭിച്ചു.

പുന്നൂസ് - റോസമ്മ ദമ്പതികളുടെ ജീവിതത്തിൽ വ്യത്യസ്തത ഏറെയായിരുന്നു. കാത്തലിക് വിഭാഗക്കാരിയായ റോസമ്മയും മാർത്തോമ്മക്കാരനായ പുന്നൂസും വിവാഹം കഴിക്കാൻ തീരുമാനിച്ചു. റോസമ്മ സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയും. പുന്നൂസ് സി.പി.എെക്കാരനും. കാത്തലിക് വിഭാഗവും മാർത്തോമ്മക്കാരും തമ്മിൽ വിവാഹം കഴിക്കാറില്ല. എതിർപ്പ് അവിടെ തുടങ്ങി. അതിനുംമേലെ ഒരു കോൺഗ്രസുകാരി കമ്മ്യൂണിസ്റ്റുകാരനെ കെട്ടാനോ. സഭയും ബന്ധുക്കളും ഉറഞ്ഞുതുള്ളി. നടക്കില്ല. എതിർപ്പുകൾക്ക് പോളിംഗ് കൂടിയപ്പോൾ അവിടെയും ഇരുവരും വിജയിച്ചു കയറി. പോപ്പിന്റെ പ്രത്യേക അനുമതി കത്ത് വാങ്ങി പൊലീസ് സംരക്ഷണയിൽ കൊച്ചിയിലെ പള്ളിയിൽ വിവാഹിതരായി. അത് മറ്റൊരു ചരിത്രമായി.

മദ്രാസ് ലാ കോളേജിൽ നിന്ന് നിയമബിരുദം നേടിയ കാഞ്ഞിരപ്പള്ളി കരിപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട് പുന്നക്കുട്ടി അന്നമ്മയുടെയും മകൾ 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നുകൊണ്ടായിരുന്നു രാഷ്ട്രീയ ജീവിതം തുടങ്ങിയത്. മൂത്തസഹോദരിയും സ്വാതന്ത്ര്യ സമര പ്രവർത്തകയുമായ അക്കാമ്മ ചെറിയാനായിരുന്നു പ്രചോദനമായത്. രണ്ടുപേരെയും ബ്രീട്ടീഷ് പൊലീസ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.അങ്ങനെ മൂന്ന് വർഷം ജയിലിൽ.

പുന്നൂസിന്റെ ജീവിതസഖിയായതോടെ റോസമ്മ കോൺഗ്രസിനോട് സലാം പറഞ്ഞു. 1948ൽ സി.പി.എെയിൽ ചേർന്നു. ദേവികുളത്ത് നിന്ന് 1957ൽ നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. 52ലും 57ലും ആലപ്പുഴയിൽ നിന്ന് പി.ടി.പുന്നൂസ് ലോക്സഭയിലേക്കും തിരഞ്ഞെടുത്തു. 82ലും 87ലും ആലപ്പുഴയിൽ നിന്ന് റോസമ്മ വീണ്ടും നിയമസഭയിലേക്ക്.

ആദ്യം നിയമസഭയിലേക്ക് മത്സരിച്ചെത്തിയ റോസമ്മയുടെ വിജയം കോടതി റദ്ദാക്കി. അതോടെ എം.എൽ.എ സ്ഥാനം കോടതി ഉത്തരവിലൂടെ നഷ്ടമായ ആദ്യത്തെ അംഗമായി റോസമ്മ. തീർന്നില്ല, സംസ്ഥാന നിയമസഭയിലെ ആദ്യ പ്രോട്ടേം സ്പീക്കറും റോസമ്മയായിരുന്നു. അങ്ങനെ ആദ്യനിയമസഭയിലെ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.പി.ടി.പുന്നൂസ് 1971ലാണ് അന്തരിച്ചത്. 2013 ഡിസംബർ 28 ന് സലാലയിൽ മകൻ തോമസ് പുന്നൂസിനൊപ്പം കഴിയുമ്പോഴായിരുന്നു റോസമ്മയുടെ അന്ത്യം.