മാന്നാർ: കോൺഗ്രസ് പാളയം വിട്ട് ഇടതു ചേരിയിലേക്ക് ചേക്കേറിയ കാലം മുതൽ മാമ്മൻ ഐപ്പിന്റെ മനസ് വ്യതിചലിച്ചിട്ടില്ല. അന്ന് ഒപ്പം വന്നവർ പിന്നീട പല വഴികളിലായെങ്കിലും മാമ്മൻ ഐപ്പ് ഉറച്ചുതന്നെ നിന്നു.
കറകളഞ്ഞ കോൺഗ്രസുകാരനായിരുന്നു അഡ്വ. മാമ്മൻ ഐപ്പ്. 1971ൽ പത്തൊൻപതാമത്തെ വയസിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടിയാണ് ആദ്യമായി പ്രചരണത്തിന് ഇറങ്ങുന്നത്. 1977ൽ ബി.കെ. നായരും ബി.ജി. വർഗ്ഗീസും തമ്മിൽ മത്സരിച്ചപ്പോൾ യൂത്ത് കോൺഗ്രസിന്റെ ജില്ലാഭാരവാഹി ആയിരുന്നു മാമ്മൻ ഐപ്പ്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായിരുന്ന വാസുദേവ ശർമ്മ, ഫിലിപ്പോസ് തോമസ് എന്നിവരോടൊപ്പമായിരുന്നു അന്നത്തെ പ്രചരണം.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. 1978 ലെ അടിയന്തരവസ്ഥയെ തുടർന്നാണ് കോൺഗ്രസ് (ഐ) വിട്ട് കോൺഗ്രസ് (എസ്) രൂപീകരിച്ച് ഇടതുപക്ഷ ചേരിയിലെത്തിയത്. അന്ന് കോൺഗ്രസ് വിട്ട ഇപ്പോഴത്തെ പ്രമുഖർ ഉൾപ്പെടെ പലരും തിരികെ മടങ്ങിയെങ്കിലും ഐപ്പ് കോൺഗ്രസ് എസിൽ ഉറച്ചുനിന്നു. ഇടതുപക്ഷത്തിന് ബാലികേറാമലയായിരുന്നു പണ്ട് ചെങ്ങന്നൂർ നിയോജക മണ്ഡലം. 1987ൽ മുപ്പത്തിയേഴാമത്തെ വയസിൽ 15,703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാമ്മൻ ഐപ്പ് ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. 1980ൽ ചെങ്ങന്നൂർ നഗരസഭയുടെ ചെയർമാനായി.
1991ൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ആ വർഷം തന്നെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ, മാമ്മൻ ഐപ്പ് പരാജയപ്പെട്ടു. രണ്ടു വർഷത്തിലധികമായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വം ഇ
ല്ലെങ്കിലും ഇടതു സ്ഥാനാർത്ഥിക്കു വേണ്ടിയാവും ഇക്കുറിയും പ്രവർത്തനം. ചെങ്ങന്നൂരിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് മാമ്മൻ ഐപ്പ്.