pkl-1

പൂച്ചാക്കൽ: പഴയ പ്രതാപകാലം മനസിൽ സൂക്ഷിക്കുമ്പോഴും പൂച്ചാക്കലിന് ഇപ്പോൾ പറയാനുള്ളത് പരാധീനതകൾ മാത്രം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിനുള്ള സൗകര്യം പോലും പൂച്ചാക്കലിലില്ല. ബസ്, ടാക്സി എന്നിവയ്ക്ക് പാർക്ക് ചെയ്യാനുമിടമില്ല.

ചേർത്തല ഡിപ്പോയിൽ നിന്ന് വരുന്ന കെ.എസ്. ആർ.ടി.സി. ബസുകളും,വൈറ്റില- പൂച്ചാക്കൽ റൂട്ടിലെ സ്വകാര്യ ബസുകളും റോഡരികിൽ തോന്നിയതു പോലെയാണ് പാർക്ക് ചെയ്യുന്നത്. മാലിന്യ പ്രശ്നമാണ് മറ്റൊരു വെല്ലുവിളി. കംഫർട്ട് സ്റ്റേഷൻ, മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സാംസ്‌കാരിക സംഘടനകളും പലതവണ അധികൃതർക്ക് നിവേദങ്ങൾ നൽകിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

പൂച്ചക്കാലിൽ.പുതിയ പാലത്തിൽ നിന്നും പഴയ പാലത്തിൽ നിന്നും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളാറുണ്ട്. .മുൻകാലങ്ങളിൽ പ്രധാന സ്ഥലങ്ങളിൽ മാലിന്യ സംഭരണികൾ പഞ്ചായത്ത് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ അവയെല്ലാം മണ്ണടിഞ്ഞു. നാൾക്കുനാൾ വ്യാപര സ്ഥാപങ്ങളുടെ എണ്ണം വർദ്ധിക്കുകയും ജനസാന്ദ്രത കൂടുകയും ചെയ്യുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൂച്ചാക്കൽ വലയുകയാണ്.

തീരാത്ത മാർക്കറ്റ് നവീകരണം

മുമ്പ് ജില്ലയിലെ തന്നെ പ്രധാന മാർക്കറ്റുകളിലൊന്നായിരുന്നു പൂച്ചാക്കലിലേത്.ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ പോലുമില്ല. നബാർഡിന്റെ സഹായത്തോടെ പൂച്ചാക്കലിലെ പൊതുമാർക്കറ്റ് നവീകരിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും അത് പൂർത്തിയാകാത്തതാണ് മറ്റൊരു തിരിച്ചടി. .നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം ഒഴികെയുള്ള മാർക്കറ്റിന്റെ ഭാഗങ്ങൾ കുണ്ടും കുഴിയുമായി മാലിന്യവും മഴവെള്ളവും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. മാർക്കറ്റിന്റെ നവീകരണത്തോടെ പഴയകാല പ്രതാപം വീണ്ടെടുക്കുകയെന്നതാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെ ലക്‌ഷ്യം.എന്നാൽ വർദ്ധിച്ചുവരുന്ന വഴിയോര വാണിഭം ഈ ലക്ഷ്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പച്ചക്കറി സ്റ്റാളുകളും,മത്സ്യവിപണന കേന്ദ്രങ്ങളും ഒത്തിരിയാണ്. വിശേഷദിവസങ്ങളിൽ, പൂച്ചക്കാലിലെ വീതികുറഞ്ഞ പഴയ റോഡിന്റെ വശങ്ങൾ കൈയേറി പലവിധത്തിലുള്ള കച്ചവടം നടത്താറുണ്ട് .ഇത് ഗതാഗത തടസത്തിനും ഇടയാക്കും.