ഹരിപ്പാട്: ന്യായാധിപ പദവിയിലേക്കെത്തുന്നതിന്റെ ആഹ്ളാദത്തിനൊപ്പം നാടിന്റെയും അഭിമാനമായി മാറുകയാണ് സബാ ഉസ്മാൻ. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഈ കൊച്ചുമിടുക്കി മുൻസിഫ് മജിസ്ട്രേറ്റ് പദവിയിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് ആറാട്ടുപുഴ നിവാസികൾ.
സംസ്ഥാനതലത്തിൽ ഹൈക്കോടതി നടത്തിയ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻസിഫ് മജിസ്ട്രേറ്റുമാരുടെ 31 അംഗ ലിസ്റ്റിലാണ് 26 കാരിയായ സബാ ഇടംപിടിച്ചത്.
നാലാം തീയതി മുതൽ നെടുമ്പാശേരി ജുഡിഷ്യൽ അക്കാഡമിയിൽ മുൻസിഫുമാരുടെ പരിശീലനം ആരംഭിക്കും. ഇതിന്റെ ഉത്തരവ് ലഭിച്ചു.
ആറാട്ടുപുഴ പഞ്ചായത്ത് 15ാം വാർഡിൽ കണ്ടങ്കേരിൽ പുതുവൽ അഡ്വ. എം എസ് ഉസ്മാന്റെയും നജുമയുടെയും മകളാണ് സബാ. കാർത്തികപള്ളി ബിഷപ്പ് മൂർ സ്കൂൾ, കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂൾ, മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് എൽ. എൽ.ബിയും കൊച്ചി നുവാൽസിൽ നിന്ന് എൽ. എൽ. എമ്മും കരസ്ഥമാക്കി.
തുടർന്ന് പിതാവിന്റെ കൂടെ മാവേലിക്കര അഡിഷനൽ ഡിസ്‌ട്രിക്ട് കോടതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: തൗസീഫ് ഉസ്മാൻ, സജാ ഉസ്മാൻ.
വിവിധ സംഘടനകളും വ്യക്തികളും സബായെ അഭിനന്ദിച്ചു.
ആറാട്ടുപുഴ ജീലത്തുൽ മുഹമ്മദിയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സബാ ഉസ്മാനെ അനുമോദിച്ചു. യോഗത്തിൽ കെ.വൈ അബ്ദുൾ റഷീദ്, എ.മുഹമ്മദ് കുഞ്ഞ്, എ.എം ഷഫീക്ക് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖ പ്രസിഡന്റ് കെ.രാജീവൻ, ആർ.സതീശൻ, ഭദ്രൻ തിരുമേനി എന്നിവരും സബയെ അനുമോദിച്ചു.