ആലപ്പുഴ: തൊഴിൽജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാൻ ശ്വാസകോശ വിദഗ്ദ്ധരുടെ സംഘടനയായ അക്കാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ദേശീയ നിർവാഹക സമിതിയോഗം തീരുമാനിച്ചു. കയർ, ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്കിടയിൽ ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കുന്നതായി പഠനങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണിത്. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള പോസ്റ്റർ പ്രകാശനം ചെയ്തു. സംഘടനയുടെ ദേശീയ ശാസ്ത്ര സമ്മേളനം മെയ് 17,18,19 തീയതികളിൽ തൃശൂരിൽ നടത്താനും തീരുമാനിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. എം.എസ്. ഷഹന മികച്ച ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കുള്ള അക്കാദമി സ്വർണമെഡലിന് അർഹയായി. പ്രസിഡന്റ് ഡോ.കെ.എ. അമീർ, സെക്രട്ടറി ഡോ. ഡേവിസ് പോൾ, ഡോ. ബി. ജയപ്രകാശ്, ഡോ. കുര്യൻ ഉമ്മൻ, ഡോ.പി.എസ്. ഷാജഹാൻ എന്നിവർ സംസാരിച്ചു.