തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ ആറു പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെന്ന് എ.എം.ആരിഫ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി പള്ളിത്തോട്, എഴുപുന്ന, വല്ലേത്തോട്, അരൂർ, പാണാവള്ളി, പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ഇതോടെ മൂന്നു ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ലഭിക്കും. നിലവിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിവരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കുത്തിയതോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗം എ.എം.ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് മണി പ്രഭാകരൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.