a

മാവേലിക്കര: യജ്ഞമണ്ഡപത്തിലെ പ്രധാന നിലവിളക്കിൽ ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചതോടെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കുന്ന ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശത്തിനു തുടക്കമായി. 105 വർഷത്തിനു ശേഷമാണ് ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാര പൂർത്തീകരണകലശം നടക്കുന്നത്.

തുടർന്ന് തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പുറപ്പെടാ മേൽശാന്തി മേനാമ്പള്ളി ഇടയ്ക്കാട്ട് ഇല്ലം പി. കൃഷ്ണൻ നമ്പൂതിരി, കലശത്തിനു നേതൃത്വം നൽകുന്ന ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ, കരനാഥന്മാർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു ഒരു വലത്തിട്ട് പ്രായശ്ചിത്ത പ്രദക്ഷിണം നടത്തി യജ്ഞമണ്ഡപത്തിൽ തിരികെയെത്തി. തന്ത്രിയും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും പണക്കിഴി സമർപ്പിച്ചു. പിന്നാലെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളെ പ്രതിനീധീകരിച്ചു 13 കരനാഥന്മാരും പണക്കിഴി സമർപ്പിച്ചു. വിവിധ കരകളിൽ നിന്നു ഘോഷയാത്രയായെത്തിയവർ നിരനിരയായി നിന്നു പണക്കിഴി അർപ്പിച്ചു പ്രാർഥിച്ചു.

ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശത്തിനു പൊതു പണപ്പിരിവ് പാടില്ലെന്ന പ്രശ്നവിധി അനുസരിച്ചു ഭക്തർ പണക്കിഴിയായി സമർപ്പിക്കുന്ന തുക ഉപയോഗിച്ചാണ് യജ്ഞപൂജകൾ നടത്തുന്നത്. ഓരോ കരകൾക്കും പണക്കിഴി സമർപ്പിക്കുന്നതിനു പ്രത്യേക കൗണ്ടറുകൾ യജ്ഞമണ്ഡപത്തിനു ചുറ്റുമായി ക്രമീകരിച്ചിരുന്നു. കൂടാതെ കരകൾക്ക് പുറത്തുള്ളവർക്കായി ഒരു കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. 9ന് വൈകിട്ട് അത്താഴപൂജ വരെ ഒരുപിടി പണ സമർപ്പണ യജ്ഞത്തിൽ ഭക്തർക്ക് പങ്കാളിയാവാം.