ചേർത്തല: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധി കാമറ നിരീക്ഷണത്തിലായി. വരകാടി റസിഡന്റ്‌സ് അസോസിയേഷന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 31 സ്ഥലങ്ങളിൽ മാരാരിക്കുളം ജനമൈത്രി പൊലീസ് സ്ഥാപിച്ച കാമറകളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി നിർവഹിച്ചു.
പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.പ്രിയേഷ്‌കുമാർ,പി.എസ്.ജ്യോതിസ്, എം.ജി.രാജു, എസ്.രാധാകൃഷ്ണൻ,പഞ്ചായത്തംഗം ബിന്ദു ഉദയൻ, മാരാരിക്കുളം സി.ഐ വി.എസ്.നവാസ്, എസ്.ഐ പി.ജി.മധു എന്നിവർ സംസാരിച്ചു.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദേശീയപാത ഭാഗങ്ങൾ, സംസ്ഥാന പാതകൾ, ഇട റോഡുകൾ, കവലകൾ എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറകളെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സ്റ്റേഷനിൽ തത്സമയം കാണാനാവും. പ്രാദേശിക ചാനലായ ആലപ്പി വിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 30 മീറ്റർ വരെ കാഴ്ച ദൈർഘ്യമുള്ള കാമറകൾക്ക് ഒരു മാസം ദൃശ്യങ്ങൾ സംഭരിക്കാനുള്ള ശേഷിയുമുണ്ട്. വരകാടി റസിഡന്റ്‌സ് അസോസിയേഷന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കൂടുതൽ സ്ഥാപനങ്ങളും വ്യക്തികളും കാമറ സ്പോൺസർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഒരു സ്റ്റേഷൻ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത് ആദ്യമാണെന്നും എസ്.ഐ പി.ജി.മധു പറഞ്ഞു.