alappuzha-lok-sabha-elect

ആലപ്പുഴ: കായൽ പാതി, കടൽ പാതി. കമ്യൂണിസ്റ്റ് പാതി, കോൺഗ്രസ് പാതി! ആലപ്പുഴയുടെ ലോക്‌സഭാതീരത്ത് തിരയടിക്കുന്നത് ഇങ്ങനെ. 1957 മുതൽ ഇതുവരെ നടന്ന പതിനാറ് ലോക്ഡസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്ത് എട്ട്, വലത്ത് എട്ട്. പുന്നപ്രയും വയലാറുമൊക്ക് ചേർന്ന ചുവപ്പിച്ച മണ്ണിൽ തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാകുമ്പോൾ ഈ മറിമായം പതിവ്.

കണ്ണൂരിൽ നിന്നു വന്ന് ആലപ്പുഴയുടെ മനസ്സ് വലയെറിഞ്ഞു പിടിച്ചയാളാണ് പത്തു വർഷമായി മണ്ഡലത്തെ യു.ഡി.എഫ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ.സി, ഇക്കുറി മത്സരിക്കുമോ എന്ന് മനസ്സു തുറന്നിട്ടില്ല. അങ്കത്തിനുണ്ടെങ്കിൽ അത് ആലപ്പുഴയിൽത്തന്നെ. കെ.സി ആണെങ്കിൽ മറ്റൊന്നും നോക്കാനില്ലെന്നാണ് യു.ഡി.എഫ് വിശ്വാസം.

ഇടതുപക്ഷം ഇന്നോളം കരുത്തരെ മാത്രമേ ആലപ്പുഴയുടെ കളത്തിലിറക്കിയിട്ടുള്ളൂ- പി.ടി. പുന്നൂസ്, പി.കെ. വാസുദേവൻ നായർ, സുശീലാ ഗോപാലൻ, കെ.ബാലകൃഷ്ണൻ (ആർ.എസ്.പി) എന്നിങ്ങനെ നീണ്ട നിരയിൽ ടി.ജെ.ആഞ്ചലോസും കെ.എസ്. മനോജുമുണ്ട്. 1980- ൽ സിറ്റിംഗ് എം.പി വി.എം.സുധീരനെ വെട്ടാൻ സി.പി.എം ഇറക്കിയത് സുശീലാ ഗോപാലനെ. അടുത്ത തിരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമനെ വച്ച് യു.ഡി.എഫ് മണ്ഡലം പിടിച്ചു. 91-ൽ ടി.ജെ. ആഞ്ചലോസിനെ തുണച്ച തീരദേശം 96-ൽ വി.എം. സുധീരൻ കൊണ്ടുപോയി. പിന്നെ സുധീരനെ വെട്ടി സി.പി.എമ്മിലെ കെ.എസ്.മനോജും, മനോജിനെ വെട്ടി കെ.സി.വേണുഗോപാലും മണ്ഡലത്തെ ഇടത്തോട്ടും വലത്തോട്ടും തുഴഞ്ഞെടുത്തു.

ആഞ്ചലോസിനെയും കെ.എസ്. മനോജിനെയും ഇറക്കി മണ്ഡലം പിടിച്ച ടെക്‌നിക് ഇക്കുറി എം.എ. ബേബിയെ വച്ച് പരീക്ഷിക്കാമെന്ന ആലോചന സി.പി.എമ്മിലുണ്ട്. കെ.സി. വേണുഗോപാൽ യു.ഡി.എഫ് പക്ഷത്തും ബേബി ഇടതുപക്ഷത്തും നിരന്നാൽ മത്സരം കൊഴുക്കും. ഈഴവ സമുദായത്തിനാണ് മണ്ഡലത്തിൽ കൂടുതൽ വോട്ട്. രണ്ടാമത് ലത്തീൻ കത്തോലിക്കരും മൂന്നാമത് മുസ്ളിം സമുദായവും. ബേബിയാണ് സ്ഥാനാർത്ഥിയെങ്കിൽ തീരദേശ- സമുദായ വോട്ടുകൾ കോരാമെന്നാണ് സി.പി.എം ഗണിതം.

ബി.ജെ.പിക്ക് അടിവേരുകളില്ലാത്ത മണ്ഡലമാണെങ്കിലും ശബരിമല പ്രശ്നത്തോടുകൂടി വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ ആർ.എസ്.പി (ബി) നേതാവ് താമരാക്ഷൻ ആയിരുന്നു കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിന് ആലപ്പുഴയിൽ താത്പര്യമില്ലാത്ത സ്ഥിതിക്ക് ഇക്കുറി ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിക്കായുള്ള തിരച്ചിലിലാണ്.

നിയമസഭാ മണ്ഡലങ്ങൾ

കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റെ തേരോട്ടമായിരുന്നു.

2014 വോട്ടിംഗ് നില

 കെ.സി.വേണുഗോപാൽ (കോൺഗ്രസ്) 46,2525

 സി.ബി.ചന്ദ്രബാബു (സി.പി.എം) 44,3118

 എ.വി.താമരാക്ഷൻ (എൻ.ഡി.എ) 43,051

 കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 19,407