പൂച്ചാക്കൽ : നാടിന് അക്ഷരവെളിച്ചമേകിയ വായനശാലാ കെട്ടിടം തകർച്ചയുടെ പടിവാതിൽക്കലെത്തിയിട്ടും പുനരുജ്ജീവനത്തിന് വഴി തെളിയുന്നില്ല. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേകടവ് എൻ.പി.പി.എസ്.എന്ന ബി ഗ്രേഡ് ഗ്രന്ഥശാലയാണ് വർഷങ്ങളായി ജീർണാവസ്ഥയിലുള്ളത്
മത്സ്യത്തൊഴിലാളികളുടെ കലാ,സാംസ്‌കാരിക പുരോഗതി ലക്ഷ്യമാക്കി 1954 ൽ തുടങ്ങിയതാണ് ഈ വായനശാല. അമൂല്യമായ ഗ്രന്ഥങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു. ഗ്രന്ഥശാലയും, വായനശാലയും അടങ്ങുന്ന ഓടുമേഞ്ഞ കെട്ടിടമാണ് ശോച്യാവസ്ഥയിലുള്ളത്. ഇതിനുള്ളിലെ കസേരകൾ, മേശകൾ, അലമാരകൾ, റാക്കുകൾ തുടങ്ങിയവയെല്ലാം പഴകി ദ്രവിച്ച നിലയിലാണ്. ഗ്രന്ഥശാലയിലെ പല പ്രധാന ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു. തീരദേശത്തെ മത്സ്യത്തൊഴിലാളികളെ വായനാലോകത്തേക്ക് കൊണ്ടുവരുന്നതിന് മത്സ്യഫെഡ് സൂപ്രണ്ടായിരുന്ന എൻ.പത്മനാഭപ്പണിക്കർ മുൻകൈയെടുത്താണ് വായനശാല തുടങ്ങിയത്.
ഇദ്ദേഹത്തിന്റെ കാലശേഷം വായനശാലയ്ക്ക് എൻ.പി.പി.എസ്.എന്ന് നാമകരണം ചെയ്തു. തീരദേശ മത്സ്യതൊഴിലാളികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന അദ്ധ്യാപകരായ സി.കെ.കൃഷ്ണൻ, എ.നാരായണൻ, പെരുമ്പളം കൃഷ്ണൻ എന്നിവരാണ് വായനശാലയുടെ സ്ഥാപകപ്രവർത്തകർ. പതിനായിരത്തിൽപ്പരം പുസ്തകങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
രണ്ട് സെന്റ് ഭൂമിയിൽ കെട്ടിടം
തേവർവട്ടം മത്സ്യത്തൊഴിലാളി സഹകരണ സംഘം അനുവദിച്ചുകൊടുത്ത രണ്ട് സെന്റ് ഭൂമിയിലാണ് കേരള ഗ്രന്ഥശാല സംഘത്തിന്റെ കീഴിൽ അഫിലിയേറ്റ് ചെയ്ത വായനശാല പ്രവർത്തിച്ചിരുന്നത്. 2003വരെ ഗ്രന്ഥശാലയ്ക്ക് ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ തുക ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. എണ്ണൂറിൽപ്പരം അംഗങ്ങളാണ് ഇവിടെയുള്ളത്. മുമ്പ് തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, പള്ളിപ്പുറം, ചെമ്പ്, നേരെകടവ്. തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുവരെ പുസ്തകകൾ എടുക്കുന്നതിന് ആളുകൾ ഇവിടെയെത്തിയിരുന്നു.