r

ആലപ്പുഴ: തിരഞ്ഞെടുപ്പിന്റെ ഗോദയിൽ ആലപ്പുഴയ്ക്ക് എന്നുമോർക്കാൻ ഒരു പോരാട്ട കഥയുണ്ട്. ജില്ലയുടെ ചരിത്ര ഏടുകളിൽ ഒളിമങ്ങാതെ നിൽക്കുന്ന കഥ. ആദ്യ തിരഞ്ഞെടുപ്പ് മുതൽ ആലപ്പുഴയുടെ മണ്ണിൽ പാറി നിന്നത് ചെങ്കൊടിയായിരുന്നു. പി.ടി. പുന്നൂസിന്റെ രണ്ട് വിജയങ്ങൾ. പിന്നെ വിജയം പി.കെ.വാസുദേവൻ നായർക്ക്. 1967ൽ സുശീലാ ഗോപാലന്റെ വിജയം. അങ്ങനെ ചുവന്നു നിന്ന മണ്ഡലത്തിന്റെ സ്റ്റിയറിംഗ് വെട്ടിച്ചത് ആർ.എസ്.പിയുടെ ചെങ്കൊടിയായിരുന്നു. കെ.ബാലകൃഷ്ണനായിരുന്നു മാറ്റത്തിന്റെ കൊടിയും പിടിച്ച് നടന്നു കയറിയത്. 1971ൽ നടന്ന ആ തിരഞ്ഞെടുപ്പാണ് സി.പി.എമ്മിന്റ ആദ്യപരാജയം കൈമാറിയത്. സുശീലാഗോപാലനെ കെ.ബാലകൃഷ്ണൻ വീഴ്ത്തിയപ്പോൾ ആ വിജയത്തിന് പിന്നിൽ ഒരുപാട് സമവാക്യങ്ങൾ ഒത്തുവന്നിരുന്നു. സി.പി.എമ്മിന്റെ കണക്ക് കൂട്ടലുകൾ മാറിമറിഞ്ഞ തിരഞ്ഞെടുപ്പ്. ആർ.എസ്.പിയുടെ സ്ഥാപക നേതാവും പ്രശസ്ത പത്രപ്രവർത്തകനും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ മകൻ നേടിയ ആ വിജയം ആലപ്പുഴയുടെ തലയിലെഴുത്ത് തന്നെ മാറ്റിയെഴുതുകയായിരുന്നു.

തിരുവനന്തപുരത്ത് പേട്ടയിൽ നിന്ന് ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ എതിരാളികളുടെ നെഞ്ചിടിച്ചു. 1954ൽ തിരുക്കൊച്ചി നിയമസഭയിൽ അംഗമായിരുന്നു ബാലകൃഷ്ണൻ. എഴുത്ത് കൊണ്ടും പ്രസംഗം കൊണ്ടും ഗർജിക്കുന്ന സിംഹമായിരുന്ന ബാലകൃഷ്ണനെ വീഴ്ത്താൻ എതിരാളികൾ പ്രചരണത്തിൽ ഒളിയമ്പുകൾ വരെ പ്രയോഗിച്ചു. പക്ഷേ, എല്ലാം ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ പ്രഭാവത്തിനു മുന്നിൽ ഒടിഞ്ഞുമടങ്ങുകയായിരുന്നു. കൗമുദി വീക്കിലിയുടെ എഡിറ്ററായിരുന്ന ബാലകൃഷ്ണന്റെ വാക്കുകൾക്ക് അമ്പുകളെക്കാൾ മൂർച്ചയായിരുന്നു. സി.പി.എമ്മിന്റെ കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന ആലപ്പുഴയിൽ ആ കോട്ട പൊളിഞ്ഞു വീണപ്പോൾ ആർ.എസ്.പിയുടെ അജയ്യവിജയം കൂടിയായി അതുമാറി. അവിടം തൊട്ടാണ് മണ്ഡലം ഇടതുപക്ഷത്തു നിന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയത്. 1977ൽ നടന്ന തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വി.എം.സുധീരൻ ഇ.ബാലാനന്ദനെ തോൽപ്പിച്ചതും കെ.ബാലകൃഷ്ണൻ നേടിയ വിജയത്തിന്റെ തുടർച്ചയായിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സുശീലയെ തന്നെ ഇറക്കി സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. അതൊരു മത്സരം തന്നെയായിരുന്നു. ജെ.എൻ.പിയിലെ ഓമനപ്പിള്ളയെ തോൽപ്പിച്ചുകൊണ്ട് ആലപ്പുഴയുടെ ചരിത്രത്തിലെ ‌ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ സുശീലാ ഗോപാലൻ താരമായി.

മുഹമ്മ ചീരപ്പൻചിറയിൽ ജനിച്ച സുശീല കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. പക്ഷേ, പാർട്ടിയിലെ ഭൂരിപക്ഷ താത്പര്യം ഇ.കെ.നായനാരെ മുഖ്യമന്ത്രിയാക്കാനായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നപ്പോൾ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീലാ ഗോപാലന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. അതേ മന്ത്രിസഭയിൽ വ്യവസായ, സാമൂഹ്യക്ഷേമ മന്ത്രിയായി ശോഭിച്ചുകൊണ്ട് തന്റെ ആത്മാർത്ഥതയും ധീരതയും സുശീല വെളിവാക്കി. 1952ൽ എ.കെ.ജിയെ വിവാഹം കഴിച്ച സുശീല 1980ൽ ആലപ്പുഴയിൽ നിന്നും 1991ൽ ചിറയിൻകീഴ് നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ മണ്ഡലം പരസ്യമായി പറയുന്ന ഒരു രഹസ്യമുണ്ട്. അന്യനാട്ടുകാരെ സ്നേഹത്തോടെ എതിരേൽക്കുന്ന രഹസ്യം. മത്സരിച്ച് ജയിച്ചവരിലധികവും ആലപ്പുഴക്കാരല്ല. സുശീലാ ഗോപാലന് പുറമേ ആലപ്പുഴക്കാർ എന്ന് പറയാവുന്നത് ടി.ജെ. ആഞ്ചലോസും ഡോ.കെ.എസ്.മനോജും മാത്രം. വി.എം.സുധീരനും വക്കം പുരുഷോത്തമനും ഒടുവിൽ കെ.സി. വേണുഗോപാലുമെല്ലാം വലതുകാൽ വച്ച് വന്ന് വിജയതിലകം ചാർത്തിയവരാണ്.