കായംകുളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന്റെ വീലും സ്റ്റിയറിംഗുമായുള്ള ബന്ധം വേർപ്പെട്ടു. ഡ്രൈവറുടെ മനസാന്നിദ്ധ്യം മൂലം ദുരന്തമൊഴിവായി.
ഇന്നലെ വൈകിട്ട് 6.30ന് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷന് തെക്കുവശത്തായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു മാളയ്ക്കു പോവുകയായിരുന്ന ബസ് കായംകുളം ഡിപ്പോയിൽ കയറിയ ശേഷം ദേശീയപാതയിൽ പ്രവേശിച്ച് വളവ് തിരിയവേയാണ് സ്റ്റിയറിംഗും വീലും തമ്മിലുള്ള ബന്ധം വേർപെട്ടത്. ഡ്രൈവർ ഉടൻ തന്നെ ബസ് നിറുത്തി. വണ്ടി റോഡിൽ നിന്നു മാറ്റാൻ കഴിയാതിരുന്നതിനാൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. തുടർന്ന് മെക്കാനിക്കുകൾ എത്തി താത്കാലിക പരിഹാരമുണ്ടാക്കിയ ശേഷം ബസ് ഡിപ്പോയിലേക്കു മാറ്റി.