ആലപ്പുഴ: വി.എം. സുധീരൻ തൃശൂർ സ്വദേശിയാണെങ്കിലും ആലപ്പുഴയുടെ സ്വന്തം എന്നാണ് വിശേഷണം. തിരഞ്ഞെടുപ്പ് വേദിയിലേക്കുള്ള 'സുധീര' പ്രവേശം ആലപ്പുഴയിൽ നിന്നായിരുന്നു. ഏറ്റവും കൂ‌ടുതൽ തവണ ലോക്സഭയിലേക്ക് ആലപ്പുഴയിൽ നിന്ന് വിജയിച്ചതും സുധീരനാണ്. അഞ്ച് തവണ മത്സരിച്ചതിൽ നാലിലും വിജയം. അപരനിലൂടെ അ‌ടിതെറ്റി വീണെങ്കിലും സുധീരന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ആലപ്പുഴയെ അകറ്റി നിറുത്താനാവില്ല.

1971 ൽ കെ.എസ്.യു പ്രസിഡന്റ്. 75ൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. 77ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരിക്കുമ്പോണ് കന്നി മത്സരത്തിന് സുധീരൻ ആലപ്പുഴയിലെത്തിയത്. സി.പി.എം ഇറക്കിയത് കരുത്തനായ ഇ.ബാലാനന്ദനെ. സുശീലാ ഗോപാലൻ തകർപ്പൻ വിജയം നേടിയതിൻെറ തൊട്ടടുത്ത തിരഞ്ഞെടുപ്പിലായിരുന്നു സുധീരന്റെ വരവ്. ബാലാനന്ദനും സുധീരനും മത്സരിച്ചാൽ ആര് ജയിക്കും? വാതുവയ്പുകാർ പരസ്പരം പോരടിച്ചു. പക്ഷേ, വോട്ടെണ്ണിയപ്പോൾ ബാലാനന്ദൻ പക്ഷത്തെ വാതുവയ്പുകാർ തല കുമ്പിട്ടു. അവിടെ തുടങ്ങുകയായി്ുന്നു സുധീരന്റെ കയറ്റം.

സംസ്ഥാന നിയമസഭയിലേക്ക് മണലൂരിൽ നിന്ന് പലതവണ തിരഞ്ഞെടുക്കപ്പെട്ടതിന് കരുത്ത് പകർന്നത് ആലപ്പുഴയിലെ വിജയമായിരുന്നു. ഇ.ബാലാനന്ദനെ തോൽപ്പിച്ചതോടെ സുധീരൻ സ്റ്റാറായി. ആലപ്പുഴയുടെ ഹൃദയത്തുടിപ്പുകൾ അദ്ദേഹം കണ്ടറിഞ്ഞു. 1985 ൽ നിയമസഭാ സ്പീക്കർ, 91ൽ കെ.പി.സി.സി വൈസ് പ്രസിഡൻറ്, 95ൽ ആരോഗ്യമന്ത്രി... അങ്ങനെ തിളങ്ങി നിന്ന സുധീരൻ വീണ്ടും ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിലേക്ക് കടന്നുവന്നു, ഇടതിൽ നിന്ന് മണ്ഡലത്തെ വലത്തേക്ക് തിരിക്കാൻ. അതും 15 വർഷങ്ങൾക്കുശേഷം.

സുധീരൻ ഇറങ്ങിയതോടെ മത്സരത്തിൻെറ ഗതിമാറി. സിറ്റിംഗ് എം.പി ടി.ജെ.ആഞ്ചലോസ് സുധീരനു മുന്നിൽ അടിതെറ്റി വീണു. മണ്ഡലം വീണ്ടും കോൺഗ്രസ് പക്ഷത്തേക്ക്. സുധീരനെ എങ്ങനെ തളയ്ക്കാം എന്ന ആലോചനയിലായി സി.പി.എം. 98ൽ സി.എസ്. സുജാതയെ ഇറക്കി. രക്ഷയില്ല. നിലംതൊടാതെ ‌പൊട്ടി. വീണ്ടും വന്നു തിരഞ്ഞെടുപ്പ്. 99ൽ നടൻ മുരളിയെ ഇറക്കിയെങ്കിലും സിനിമാ ഗ്ളാമർ സുധീരനു മുന്നിൽ വിലപ്പോയില്ല. മുരളിയും വീണു. അപ്പോഴേക്കും സുധീരൻ ആലപ്പുഴയുടെ ഗ്ളാമർ താരമായി. തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കിയത് സുധീരൻെറ ക്രെഡിറ്റ് ബുക്കിലെ തിളക്കമായി.

എന്നാൽ 'പകിട പകിട പന്ത്രണ്ടേ' എന്ന തന്ത്രത്തിൽ സി.പി.എം 2004 ൽ ഡോ.കെ.എസ്.മനോജിനെ ഇറക്കി സുധീരനെ തളച്ചു. 'വി.എസ്. സുധീരൻ' എന്നൊരു അപരനും ആ തിരഞ്ഞെടുപ്പോടെ താരമായി. 1009 വോട്ടിനായിരുന്നു സുധീരന്റെ പരാജയം. രാഷ്ട്രീയത്തിനപ്പുറത്ത് സമുദായ സമവാക്യങ്ങൾ മണ്ഡലത്തിൽ അടിയാെഴുക്കായി. ആ സമവാക്യം പൊളിക്കുന്നതായിരുന്നു അടുത്ത തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തന്ത്രം. ആലപ്പുഴ എം.എൽ.എയായിരുന്ന കെ.സി. വേണുഗോപാലിനെ ഇറക്കി കോൺഗ്രസ് പൊരുതി, മണ്ഡലം തിരിച്ചുപിടിച്ചു. അതൊരു മത്സരമായിരുന്നു. സമവാക്യങ്ങളെ പൊളിച്ചടുക്കിയ മത്സരം.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ ചുവപ്പിനാണ് തിളക്കം കൂടുതൽ. പക്ഷേ, ലോക്സഭയിലെത്തുമ്പോൾ നേരെ തിരിയുന്നു. എന്താണ് ഇതിന്റെ മന:ശാസ്ത്രം. കവടി നിരത്തി കണ്ടുപിടിക്കാനാവാത്ത ഇക്കാര്യം ആലപ്പുഴ ഉള്ളിൽ ഒളിപ്പിക്കുന്ന പരമ രഹസ്യമാണ്.