tv-r

അരൂർ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മോഷണത്തിനിടെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുവാറ്റുപുഴ രണ്ടാർ മാറാടി വെള്ളയത്തുപറമ്പിൽ സെയ്ഫുദ്ദീനെയാണ് (37) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പണമടങ്ങിയ പഴ്സും പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങളും കൈയുറകളും മങ്കി ക്യാപ്പും ഇയാളിൽ നിന്ന് കണ്ടെടുത്തു.

ഇന്നലെ പുലർച്ചെ നാലിന് അരൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചന്തിരൂർ കൂട്ടുങ്കൽ മുഹമ്മദ് അസ്ലാമിന്റെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണത്തിനിടെയാണ് യുവാവ് പിടിയിലായത്. ശബ്ദം കേട്ട് ഉണർന്ന മുഹമ്മദ് മുകളിലത്തെ നിലയിൽ മോഷ്ടാവ് നിൽക്കുന്നതു കണ്ട് ബഹളം വച്ചു. തടയാൻ ശ്രമിക്കവേ വീടിന് പുറത്തേക്ക് പാഞ്ഞ മോഷ്ടാവിനെ ബഹളം കേട്ടെത്തിയ അയൽവാസികളും വീട്ടുകാരും ചേർന്ന് മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി വീട്ടുമുറ്റത്തെ മരത്തിൽ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിലാണ് ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായതെന്ന് അരൂർ എസ്.ഐ കെ.ആർ.മനോജ് പറഞ്ഞു. പ്രതിയെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.