 മൂന്നു പേർക്ക് ഗുരുതര പരിക്ക്

ചേർത്തല: സ്വത്തു തർക്കത്തെത്തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സഹോദരന്റെ വീട്ടിലേക്ക് ഓടിക്കയറിയയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരനും ഭാര്യയ്ക്കും പൊള്ളലേറ്റു.

നഗരസഭ 30-ാം വാർഡ് ചുടുകാടിന് സമീപം പള്ളിപ്പറമ്പിൽ സജിയുടെ വീട്ടിൽ ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. പെരുമ്പളത്ത് താമസിക്കുന്ന സഹോദരൻ ഷാജി (52) കുടുംബ വീടിന് മുന്നിലെത്തി കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജി (46), ഭാര്യ സുജ (40) എന്നിവർക്കു പൊള്ളലേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെയും സുജയുടെയും നില ഗുരുതരമാണ്.