sreenivas

 ഖദറിന് വെൺമ പകരുന്ന ശ്രീനിവാസന് തിരക്കേറുന്നു

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂട് പിടിച്ചതോടെ ആറാട്ടുവഴിയിലെ ശ്രീനിവാസന് നിന്നു തിരിയാൻ നേരമില്ല. രാഷ്ട്രീയക്കാരനൊന്നുമല്ല കക്ഷി, നല്ല ഒന്നാന്തരം ഖദർ അലക്കുകാരൻ. പ്രായം 70 ആയി. പണി തുടങ്ങിയട്ട് 53 വർഷവും. എന്നാലും വിശ്രമിക്കാൻ സമയമില്ല. ആലപ്പുഴയിലെ ഖദർ ധാരികളുടെ പ്രിയങ്കരനാണ് ഇപ്പോഴും ശ്രീനിവാസൻ.

ഖദർ ഷർട്ടിനും മുണ്ടിനും വടിവ് കിട്ടണമെിൽ പണി അറിയാവുന്ന ആൾ തന്നെ കൈകാര്യം ചെയ്യണം. അതുകൊണ്ടാണ് ശ്രീനിവാസനെ തേടി ആളെത്തുന്നത്. 26 കൊല്ലമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസ്ത്രങ്ങൾ അലക്കി തേക്കുന്നത് ശ്രീനിവാസനാണ്. നാടൻ അലക്ക് ശൈലിയും വടിവൊത്ത തേപ്പും വെൺമയുമാണ് വിജയ രഹസ്യം.

പ്രായം വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും കുടുംബപരമായ തൊഴിൽ അന്യമാകുന്നതിൽ വിഷമവുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടങ്ങിയതാണ് ഈ തൊഴിൽ. കോൺഗ്രസുകാർക്ക് ഖദർ ഒഴിവാക്കാനാവില്ലെങ്കിലും രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഇപ്പോൾ എല്ലാവരും ഖദർ ധാരികളാണ്. ഉദ്യോഗസ്ഥരും ഖദർ ഉപയോഗിക്കാൻ തുടങ്ങിയതോടെ അലക്കാനും തേക്കാനും ആളില്ലാതായി. പണ്ടത്തെ പോലെ അലക്കി തേക്കാൻ ആഴ്ചകൾ വേണ്ട, വെറും ഒരു ദിവസം മതി. അലക്കിക്കഴിഞ്ഞാൽ ഡ്രയറിൽ ഇട്ട് ഒരു മിനിട്ടിനുള്ളിൽ ഉണക്കാം. വയലാർ രവി, എ.കെ.ആന്റണി, ഗൗരിഅമ്മ, വി.എസ്. അച്യുതാന്ദൻ, തച്ചടി പ്രഭാകരൻ, ഡി.സുഗുതൻ എന്നിവരെയെല്ലാം തൂവെള്ളയിൽ തിളക്കിയതിനു പിന്നിൽ ശ്രീനിവാസന്റെ കരങ്ങളായിരുന്നു. തുടക്കത്തിൽ ഒരണയും 10 പൈസയുമാെക്കെയായിരുന്നു കൂലി. ഇപ്പോൾ ഒരു സെറ്റിന് കുറഞ്ഞത് 120 രൂപ.

............................

# അലക്ക് രീതി

നാടൻ ശൈലിയിലുള്ള അലക്കാണെങ്കിൽ ചൗവരി തലേന്ന് വെള്ളത്തിലിട്ട് അതിന്റെ പശയിൽ മുണ്ട് മുക്കി എടുക്കണം. അനുദിനം ഖദർ ധാരികളുടെ എണ്ണം കൂടന്നതോടെ ആധുനിക ലാബ് പരീക്ഷണങ്ങളാണ് അലക്ക് സ്ഥാപനങ്ങളിൽ നടക്കുന്നത്. ക്ലോറിൻ, സോപ്പ്, ഒായിൽ എന്നിവയിൽ മുക്കി 20 മിനിട്ട് വയ്ക്കും.