s

ആലപ്പുഴ: തോരാസങ്കടം വിതച്ച പ്രളയം പാടശേഖരങ്ങളിൽ വിളവിന്റെ ചാകരയായി മാറിയതുകണ്ട് ആഹ്ളാദംകൊള്ളുകയാണ് കുട്ടനാട്ടിലെ കർഷകർ. ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിളവാണ് ഇക്കുറി കതിരിട്ടുനില്ക്കുന്നത്. നെൽച്ചെടികൾ കതിരുകളുടെ ഇരട്ടിഭാരത്താൽ പാടത്തേക്ക് കുമ്പിട്ടുനില്ക്കുന്നു. ഒരു മഴ വീണാൽ മുഴുവൻ ചാഞ്ഞുപോകും. ഇരട്ടിലാഭം വെള്ളത്തിലാവുംമുമ്പ് കൊയ്തെടുക്കാനുള്ള തിടുക്കത്തിലാണ് കർഷകർ.

പ്രളയത്തിൽ വന്നടിഞ്ഞ എക്കലാണ് ഒക്ടോബറിൽ വിതച്ച നെൽവയലുകൾക്ക് അനുഗ്രഹമായത്. വിളവിനുമുന്നിൽ വില്ലനായി നിലകൊണ്ടിരുന്ന അമ്ളരസത്തെ പ്രളയം കഴുകിയിറക്കിയതും ഏറെ ഗുണം ചെയ്തു.

അപ്പർ കുട്ടനാട്ടിൽ കൊയ്ത്തു തുടങ്ങി. അതു കഴിയുന്നതോടെ കൊയ്ത്ത് യന്ത്രങ്ങൾ കുട്ടനാട്ടിലെത്തും. പുഞ്ചക്കൃഷിക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കാത്ത കരിനിലമായ കരുമാടി ചാവിൽ തെക്കുംപുറം പാടത്ത് ഇത്തവണ ലഭിച്ച വിളവ് നോക്കിയാൽത്തന്നെ വ്യത്യാസമറിയാം. 165 ഏക്കറിലാണ് ഇവിടെ കൃഷി. അമ്ളം നിറഞ്ഞ മണ്ണിൽ ഒരു ഹെക്ടറിൽ 15 ക്വിന്റലിൽ കൂടുതൽ നെല്ല് വിളഞ്ഞിട്ടേയില്ല. ഇത്തവണ 30 ക്വിന്റൽ വരെയായി. അമ്ളരസം പ്രളയത്തിൽ ഒഴുകിപ്പോയതാണ് പ്രധാന കാരണം.

ഒരു ഏക്കറിൽ കൃഷിയിറക്കാൻ ശരാശരി ചെലവ്: 35,000 രൂപ

മികച്ച നിലങ്ങളിൽ കഴിഞ്ഞ വർഷം ലഭിച്ച നെല്ല്: 25 ക്വിന്റൽ

ലഭിച്ച വില: 62,000 രൂപ

ഇക്കുറി പ്രതീക്ഷിക്കുന്നത്: 50 ക്വിന്റൽ

പ്രതീക്ഷിക്കുന്ന വില: 1,25,000 രൂപ

 സിവിൽ സപ്ളൈസ് നൽകുന്ന വില കിലോയ്ക്ക്: 25 രൂപ

 സ്വകാര്യ മില്ലുകൾ നൽകുന്ന വില: 19 രൂപ

 കൊയ്ത്തു തൊഴിലാളികൾക്ക് ഒരു ദിവസം കൂലി: 600 രൂപ

 കൊയ്ത്ത് യന്ത്രത്തിന് ഒരു മണിക്കൂർ വാടക: 1750 രൂപ

 മാെത്തം പാടശേഖരം

കുട്ടനാട്: 484 ഹെക്ടർ

അപ്പർ കുട്ടനാട്: 84

മാവേലിക്കരയിലും ചെങ്ങന്നൂരിലും: 123

'മനസ് നിറഞ്ഞു. ഇങ്ങനെയൊരു വിളവ് ഇതിനുമുമ്പ് കണ്ടിട്ടില്ല. പ്രളയം കടുത്ത വിഷമം തന്നു. ഇപ്പോൾ കനിഞ്ഞു"

-അനിൽകുമാർ, കർഷകൻ, കരുമാടി കാവിൽ തട്ടിൻപുരം

'കുട്ടനാട് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. വയലുകളിലെല്ലാം ഇന്നേവരെ കാണാത്ത ഉണർവ്"

-എ.വി. സുരേഷ് കുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ, ആലപ്പുഴ