അമ്പലപ്പുഴ: തീ പടർന്ന വീട്ടിൽ നിന്ന്, കിടപ്പുരോഗിയായ വീട്ടമ്മയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി.
പുറക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുത്തൻപറമ്പിൽ ഉത്തമന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് 4 ഓടെ തീ പിടുത്തമുണ്ടായത്. കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നത്. മറ്റൊരു മുറിയിൽ കിടന്നിരുന്ന സുധർമ്മയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല. അലമാര, തടി മേശ, 15000 രൂപ, ജനൽ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചു. ഹരിപ്പാടു നിന്ന് അഗ്നിശമന യൂണിറ്റെത്തിയാണ് തീ അണച്ചത്. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകളടങ്ങിയ ബാഗും കത്തിനശിച്ചു. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.