photo

ആലപ്പുഴ: ജില്ലയിലെ കായലുകളിലും ഇടത്തോടുകളിലും പോള നിറഞ്ഞതോടെ ജലഗതാഗതവും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗവും മുടങ്ങുന്നു. ബോട്ടുകൾക്ക് യന്ത്രത്തകരാർ ഉണ്ടാകുന്നതിനാൽ സർവീസുകൾ മുടക്കേണ്ടിയും വരുന്നു.
വേമ്പനാട്ട് കായലിൽ തണ്ണീർമുക്കം ബണ്ടിനു തെക്കുഭാഗക്കും കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിലെ ഇടത്തോടുകളിലുമാണ് പോള നിറയുന്നത്. ആലപ്പുഴയിൽ നിന്ന് കുട്ടനാട്ടിലേക്കും കോട്ടയത്തേക്കുമുള്ള ബോട്ട് സർവ്വീസ് ഏറെ ബുദ്ധിമുട്ടിയാണ് തുടരുന്നത്. കായലിൽ ഉപ്പിന്റെ അംശമുള്ളതിനാൽ പലയിടങ്ങളിലും പോള ചീഞ്ഞുതുടങ്ങിയെങ്കിലും അടിത്തട്ടിലേക്ക് പോകാത്തിനാൽ ജലോപരിതലത്തിൽത്തന്നെ ഇവ കിടക്കുകയാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ അഴുകിയ പോള ഹൗസ് ബോട്ട് സർവീസുകളെയും ബാധിക്കുന്നു. എല്ലാവർഷവും ബോട്ടുചാലുകളിലെ പോള യന്ത്രസഹായത്തോടെ നീക്കം ചെയ്യുക പതിവായിരുന്നു. ഇത്തവണ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
തണ്ണീർമുക്കം ബണ്ടിലെ ഷട്ടർ അടച്ചതാണ് ആലപ്പുഴയിലും കുട്ടനാട്ടിലും പോള നിറയാനുള്ള പ്രധാന കാരണം. പുഞ്ചക്കൃഷി ആരംഭിച്ചതോടെ ഒട്ടേറെ കർഷകർ ബോട്ടുകളെ ആശ്രയിച്ചാണ് പാടശേഖരങ്ങളിലേക്ക് എത്തുന്നത്. ബോട്ട് സർവീസുകൾ മുടങ്ങിയാൽ ഇവർക്ക് ജോലിയും നഷ്ടമാകും. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ജീവിതവും ദുരിതത്തിലായി. വള്ളം ഇറക്കാനോ വലയിടാനോ സാധിക്കുന്നില്ല. ടൂറിസം സീസൺ ആരംഭിച്ചതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ പതിവു യാത്രക്കാർക്ക് പുറമേ അനേകം വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. യാത്ര പാതിവഴിയിൽ മുടങ്ങുന്നതോടെ വകുപ്പിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്.