pkl-1

 നിക്കര് വർദ്ധനയിൽ തർക്കം തു‌ടരുന്നു

പൂച്ചാക്കൽ: നിരക്ക് വർദ്ധന സംബന്ധിച്ച തർക്കം പരിഹരിക്കാത്തതിനാൽ വൈക്കം- തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിക്കാൻ സ്വകാര്യ കരാർ കമ്പനി തയ്യാറാവാത്തത് നാട്ടുകാരെ വട്ടംകറക്കുന്നു. പൊതുമേഖലയിലുള്ള ജങ്കാർ കമ്പനി ഇവിടെ ക്വട്ടേഷൻ നൽകാൻ മെനക്കെടാത്തതും തിരിച്ചടിയാണ്.

കരാർ കാലാവധി അവസാനിച്ചതിനാൽ കഴിഞ്ഞ ഡിസംബർ 31നാണ് ജങ്കാർ സർവ്വീസ് അവസാനിച്ചത്. പുതിയ കരാറിനായി പള്ളിപ്പുറം പഞ്ചായത്ത് ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ നിലവിൽ സർവീസ് നടത്തിയിരുന്ന 'കൊച്ചിൻ സർവീസസ്' മാത്രമാണ് സമീപിച്ചത്. ഇവർക്ക് കരാർ ഉറപ്പിച്ചെങ്കിലും നിരക്കിൽ 30 ശതമാനം വർദ്ധന ആവശ്യപ്പെട്ട് കരാർ ഒപ്പിട്ടില്ല. ഇതോടെ പുതുവർഷത്തിൽ ഇതുവരെ സർവീസ് നടന്നിട്ടുമില്ല. തുടർന്ന് നടന്ന ചർച്ചയിൽ 15 ശതമാനം വർദ്ധന അനുവദിക്കാൻ വൈക്കം നഗരസഭയും ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തും കരാറുകാർക്ക് അനുമതി നൽകി. കൂടാതെ കഴിഞ്ഞ വർഷത്തെ മൊത്തം കരാർ തുകയുടെ 20 ശതമാനം വർദ്ധനവാണ് പഞ്ചായത്ത് വച്ചിരുന്നതെങ്കിലും അത് പത്ത് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. എന്നാൽ ഇത് മതിയാവില്ലെന്നാണ് കരാറുകാരുടെ പക്ഷം.

കൊച്ചിൻ സർവ്വീസസിന് മാത്രമാണ് ഈ മേഖലയിൽ ജങ്കാർ സ്വന്തമായി ഉള്ളത്. പൊതുമേഖലയിൽ കിൻ കോക്ക് ജങ്കാർ ഉണ്ടെങ്കിലും ഇരുകൂട്ടരും രസത്തിലല്ല. വർഷങ്ങൾ പഴക്കമുള്ള ജങ്കാർ സർവ്വീസാണ് ഈ റൂട്ടിലേത്. കോട്ടയം ജില്ലയിൽ നിന്നു ചേർത്തല ഭാഗത്തേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് വൈക്കം - തവണക്കടവ് ഫെറിയിലെ ജങ്കാർ സർവ്വീസ്. ഇത് നിലച്ചാൽ അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം മേഖലയിലുള്ളവർക്ക് വൈക്കം - കോട്ടയം ഭാഗത്തേക്ക് എത്തണമെങ്കിൽ ചേർത്തല, തണ്ണീർമുക്കം, അംബികാ മാർക്കറ്റ്, വെച്ചൂർ വഴി ചുറ്റിക്കറങ്ങണം.

 ലോറി വാടക കൂടി

കിഴക്കൻ പ്രദേശങ്ങളിൽ നിന്നു പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം മേഖലകളിലേക്ക് നിർമ്മാണ സാമഗ്രികൾ വേഗം എത്തിക്കാനുള്ള മാർഗ്ഗം കൂടിയാണ് വൈക്കം - തവണക്കടവ് ഫെറിയിലെ ജങ്കാർ സർവ്വീസ്. നിർമ്മാണ സാമഗ്രികളുമായി ലോറികൾ ചുറ്റിത്തിരിഞ്ഞ് വരുന്നതിനാൽ ലോറി വാടക വലിയ തോതിൽ വർദ്ധിച്ചു. 40 കിലോമീറ്റർ ചുറ്റിക്കറങ്ങി ഓടിയാലേ തവണക്കടവിൽ നിന്നു വൈക്കത്ത് എത്താൻ കഴിയൂ. ജങ്കാർ ഫെറി റൂട്ടിന് സമാന്തരമായി മാക്കേക്കടവ് - നേരെ കടവ് ഭാഗത്ത് നിർമ്മിക്കുന്ന പാലവും അനിശ്ചിതത്വത്തിലാണ്. ഇതിനിടയിലാണ് ജങ്കാർ സർവ്വീസും നിലച്ചത്.

...............................................

# നിലവിലെ ജങ്കാർ നിരക്ക് (രൂപ)

 ബൈക്ക്: 12  ആട്ടോറിക്ഷ: 23  കാർ: 50  ടിപ്പർ:100 (ലോഡോടെ 250), ലോറി: 150 (ലോഡോടെ 300 )

.......................................................

'ഫെബ്രുവരി ആറിന് റീ ടെൻഡർ നടത്തിയെങ്കിലും ആരും എത്തിയില്ല. ഈ മാസം 13ന് വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്'

(പി.ആർ.ഹരിക്കുട്ടൻ, പ്രസിഡന്റ്, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്)