obituary

ചേർത്തല: തൈക്കൽ തീരത്ത് കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൊച്ചുചിറയിൽ സുരേഷിന്റെ മകൻ സൂരജ് (17) ആണ് മരിച്ചത്.

വെളളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർത്ഥി സംഘം തിരയിൽപ്പെട്ടത്. മൂന്നുപേരെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. എന്നാൽ സൂരജ് തിരയിൽ മുങ്ങിത്താഴ്ന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വലവിരിച്ച് തിരച്ചിൽ നടത്തിയിട്ടും സൂരജിനെ കണ്ടെത്താനായിട്ടില്ല. പൊലീസും അഗ്‌നിശമന സേനയും ഫിഷറീസും കോസ്റ്റ് ഗാർഡും തിരച്ചിലിനെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 6.15ഓടേ മൂന്നു കിലോമീ​റ്ററോളം അകലെ അർത്തുങ്കൽ ഫിഷ്‌ലാൻഡിംഗ് സെന്ററിലെ പുലിമുട്ടിന് സമീപം കല്ലിൽ ഉടക്കിക്കിടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മാതാവ്: ഷൈലജ. സഹോദരങ്ങൾ: സൗമ്യ,സൂര്യ.