മാവേലിക്കര: ഇടനിലക്കാരുടെ ഇടപെടലില്ലാതെ സമ്പൂർണ്ണ വിഷരഹിത മത്സ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യത്തെ സ്റ്റാൾ മാവേലിക്കരയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മത്സ്യഫെഡിന്റെ 35-ാമത്തെ സ്റ്റാളാണിത്. മത്സ്യസമ്പത്ത് സംരക്ഷിച്ചു കൊണ്ടുള്ള വിപണനമാണ് ലക്ഷ്യമിടുന്നത്. വിഷരഹിത മത്സ്യത്തിന് പുറമേ മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളും സ്റ്റാളിലൂടെ ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ആദ്യ വിൽപന നടത്തി. അഡ്കോസ് ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ, നഗരസഭാദ്ധ്യക്ഷ ലീലാ അഭിലാഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശശികല രഘുനാഥ്, ജേക്കബ്ബ് ഉമ്മൻ, ദീപ ജയാനന്ദൻ, ജി. വിദ്യ, എസ്.ജ്യോതി ലക്ഷ്മി, ഷൈനി തോമസ്, പി.എം. മിനി, കെ.മധുസൂദനൻ, ശ്രീകുമാർ, കെ.ഗോപൻ, തോമസ് സി.കുറ്റിശേരിൽ, എൻ.സുബൈർ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ സ്വാഗതവും പി.എൽ. വത്സലകുമാരി നന്ദിയും പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കവിതാ സജീവിന്റെ സ്മരണാർഥം ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.