wef

ഹരിപ്പാട് : വീടിന് സമീപം കായലിൽ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് മണലെടുത്ത ഗർത്തത്തിലകപ്പെട്ട് ദാരുണാന്ത്യം. വലിയഴീക്കൽ തറയിൽക്കടവ് മാലിശേരിൽ ശിവജിയുടെ മകനും ഒൻപതാം ക്ളാസ് വിദ്യാർത്ഥിയുമായ കാർത്തിക് (അമ്പാടി-14), പുതുവലിൽ ശിവൻകുഞ്ഞിന്റെ മകനും നാലാം ക്ളാസ് വിദ്യാർത്ഥിയുമായ നിരഞ്ജൻ (9) എന്നിവരാണ് മരിച്ചത്.

അവധിദിവസമായ ഇന്നലെ രാവിലെയോടെ ഇരുവരും വട്ടക്കായലിൽ നീന്താനിറങ്ങിയപ്പോൾ വീട്ടുകാർ വിലക്കി തിരികെ കയറ്റിയിരുന്നു. ഇതിനുശേഷം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വീണ്ടും ഇറങ്ങുകയായിരുന്നു.

ഇരുവരെയും കാണാതായതോടെ വീട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിൽ രാവിലെ 11.30 ഓടെ നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിന് ശേഷം കാർത്തിക്കിന്റെ മൃതദേഹവും കായലിൽ കണ്ടെത്തി. കായലിൽ വെള്ളം കുറവാണെങ്കിലും ചില ഭാഗങ്ങളിൽ മണലെടുത്തതിനെ തുടർന്ന് വലിയ ആഴമാണ്. വിദ്യാർത്ഥികൾ വെള്ളക്കെട്ടിലൂടെ നീന്തുന്നതിനിടെ , മണ്ണെടുക്കാനായി ഡ്രഡ്ജ് ചെയ്ത ഭാഗത്ത് താഴ്ന്നുപോയതാകാമെന്ന് കരുതുന്നു. തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. കായംകുളത്തുനിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുമ്പ് മത്സ്യത്തൊഴിലാളികൾ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചിരുന്നു. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടരയോടെ മൃതദേഹങ്ങൾ ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. വലിയഴീക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും . ആദർശ (കുട്ടമ്മ)യാണ് കാർത്തിക്കിന്റെ മാതാവ്: സഹോദരൻ: കിരൺ. നിര‌ഞ്ജന്റെ മാതാവ്: ലീന. സഹോദരൻ: നീരജ്.