dw

ഹരിപ്പാട്: വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന്റെ ഓർമകൾ നിറഞ്ഞ മനസുമായി ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും കൈകോർത്തപ്പോൾ, ഭാര്യയ്ക്കും മക്കൾക്കും വീടെന്ന സ്വപ്നം സാദ്ധ്യമായി. മരണത്തോടെ അവസാനിക്കുന്നതല്ല സ്നേഹബന്ധങ്ങളെന്ന് വിളിച്ചു പറയുകയാണ് ഈ സുന്ദരവീട്.

പിലാപ്പുഴ കണ്ടത്തിൽ വീട്ടിൽ രാധാകൃഷ്ണൻ 2017ൽ മുട്ടത്ത് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. ഭാര്യയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിന് താമസിക്കാൻ അടച്ചുറപ്പുള്ളൊരു വീടുപോലും ഇല്ലായിരുന്നു. ഈ അവസരത്തിലാണ് ഒരുപറ്റം സുഹൃത്തുക്കൾ സ്നേഹവീടെന്ന ആശയത്തിന് കൈകൊടുക്കുന്നത്.

പ്രളയ ദുരിതങ്ങൾക്കിടയിലും സമയബന്ധിതമായി വീടുപണി പൂർത്തീകരിക്കാൻ ഇവർക്കായി. രണ്ട് കിടപ്പു മുറി, ഹാൾ, അടുക്കള, രണ്ട് ബാത്ത് റൂം, സിറ്റൗട്ട് എന്നിവ ഉൾപ്പടെ 14 ലക്ഷം രൂപയോളം വീടിന് ചെലവായി. ഇന്ന് രാവിലെ 10ന് പിലാപ്പുഴ മൈത്രി നഗറിൽ നടക്കുന്ന താക്കോൽദാന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. കൂട്ടായ്മ പ്രസിഡന്റ് വർഗീസ് ചാക്കോ അദ്ധ്യക്ഷനാകും. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സജീവ്, രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ആർ.ഹരീഷ് ബാബു, കരുണ വിദ്യാഭവൻ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ കെ.ജയകുമാർ, സാരംഗ ഫൗണ്ടേഷൻ ചെയർമാൻ എസ്.കൃഷ്ണകുമാർ, സി.ഹരികുമാർ, അജയൻ തുടങ്ങിയവർ സംസാരിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ പി.ജി. മനോജ് കുമാർ സ്വാഗതവും സെക്രട്ടറി കെ.ഹരികുമാർ നന്ദിയും പറയും.