nbsdvd

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ചേതന കുമാരിസംഘം ഗുരുദേവ കൃതികൾക്ക് ദൃശ്യാവിഷ്കാരവുമായി വേദികളിൽ നിറയുന്നു. യൂണിയൻ പരിധിയിലെ ശാഖായോഗങ്ങളിൽ നൃത്തം അഭ്യസിച്ച കുമാരിസംഘം പ്രവർത്തകരെ ഉൾപ്പെടുത്തി പത്തോളം ഗുരുദേവ കൃതികൾക്കാണ് ചുവടൊരുക്കിയിട്ടുള്ളത്.

കേന്ദ്ര വനിതാ സംഘത്തിന്റെ നിർദേശാനുസരണം കുമാരി സംഘത്തിന്റെ രൂപീകരണ വേളയിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഗുരുദേവകൃതിയായ ശിവശതകം അവതരിപ്പിച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയവരാണ് കാർത്തികപ്പള്ളി യൂണിയനിലെ അൻപതംഗ കുമാരിസംഘം ടീം. യൂണിയന്റെയും യൂണിയൻ വനിതാ സംഘത്തിന്റെയും നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് ഇവർ നൃത്തം പരിശീലിക്കുന്നതും വേദികളിൽ അവതരിപ്പിക്കുന്നതും. ഇപ്പോൾ വിവിധ ഗുരുക്ഷേത്രങ്ങളിലും ഇതര ക്ഷേത്രങ്ങളിലും പ്രൊഫഷണൽ കലാപരിപാടികളേക്കാൾ പ്രാധാന്യം കൊടുത്തുകൊണ്ട് ഗുരുദേവ കൃതികളുടെ ദൃശ്യാവിഷ്കാരം നടത്തുന്നുണ്ട്. ഗുരുദേവ കൃതികളും അവയുടെ അന്തസത്തയും സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം.

പ്രപഞ്ച സാരാംശം മുഴുവൻ ഉൾക്കൊള്ളുന്ന ഗുരുവാണി നൃത്താവിഷ്കാരത്തിലൂടെ കുട്ടികൾ തന്നെ മറ്റുള്ളവരിലേക്കെത്തിക്കുന്നു. ഇപ്പോൾ വിനയകാഷ്ടകം, ദൈവദശകം, ഗുരുസ്തവം, കുണ്ഡലിനിപ്പാട്ട്, ഗുരുഷഡ്കം, ശിവശതകം എന്നീ കൃതികളാണ് വേദികളിൽ അവതരിപ്പിക്കുന്നത്. അണിയറയിൽ ശിവപ്രസാദ പഞ്ചകം, വാസുദേവാഷ്ടകം, കാളീനാടകം, ബാഹുലേയഷ്ടകം കൃതികളുടെയും പരിശീലനം നടക്കുന്നുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ .ആർ.രാജേഷ് ചന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാല, സെക്രട്ടറി ലേഖ മനോജ്‌, കുമാരിസംഘം സെക്രട്ടറി രഞ്ജു തുടങ്ങിയവർ അറിയിച്ചു.