ആലപ്പുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ പാർക്ക് ചെയ്തിരുന്ന 25 വാഹനങ്ങളുടെ ചില്ലുകൾ പിക്കപ്പ് വാനിൽ കറങ്ങി നടന്ന് തല്ലിത്തകർത്ത യുവാവ് പിടിയിൽ. ആലപ്പുഴ ബീച്ച് വാർഡ് പുത്തുപ്പറമ്പ് മിഥുൻ എന്ന ശ്രീലാലിനെയാണ് (27) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഏഴിന് പുലർച്ചെ ഒരുമണിയോടെ കൊമ്മാടി, മാളികമുക്ക്, ബാപ്പുവൈദ്യർ ജംഗ്ഷൻ, മുപ്പാലം, റെയിൽവേ സ്റ്റേഷൻ, ഇ.എസ്.ഐ, കുതിരപ്പന്തി, വട്ടയാൽ, തിരുവമ്പാടി, കളർകോട് എന്നിവിടങ്ങളിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്. ഈ സമയം നല്ല മഴയുമുണ്ടായിരുന്നു. രാവിലെ വാഹന ഉടമകൾ സ്റ്റേഷനിലെത്തി പരാതി നല്കിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എം. ടോമിയുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
ആലപ്പുഴ നഗരത്തിലെ 200ലധികം സി.സി.ടി.വി ദൃശ്യങ്ങളും സംശയം തോന്നിയ പ്രധാന ക്രിമിനലുകളുടെ 200 ഓളം ഫോൺ നമ്പറുകളും പൊലീസ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിൽ മഹീന്ദ്ര ബൊലേറോ വാനിലെത്തിയ വ്യക്തിയാണ് സംഭവത്തിനു പിന്നിലെന്ന് സൂചന ലഭിച്ചു. ആലപ്പുഴ ആർ.ടി.ഒയുടെ സഹായത്തോടെ ജില്ലയിൽ ഈ ഇനത്തിൽപ്പെട്ട 150 ഓളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് ശ്രീലാലിനെ പിടികൂടിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ തെളിവുകൾ നിരത്തിയപ്പോൾ കുറ്റം സമ്മതിച്ചു.
ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ കെ.എൻ. രാജേഷ്, എസ്.ഐമാരായ എം.കെ. രാജേഷ്, പ്രേംസ് കുമാർ, സീനിയർ സി.പി.ഒ മോഹൻകുമാർ, സി.പി.ഒമാരായ പ്രവീഷ്, സിദ്ദിഖ്, അരുൺകുമാർ, റോബിൻസൺ, വിജോഷ്, ജഗദീഷ്, മൻസൂർ, ആന്റണി ജോസഫ്, ലാലു അലക്‌സ് എന്നിവരുമുണ്ടായിരുന്നു.
നഷ്ടക്കച്ചവടത്തിന്റെ കലിപ്പ്!
മാരുതി ഓമ്‌നി വിൽപ്പന നടത്തിയപ്പോൾ രാജേഷ് എന്നയാൾ 40,000 രൂപയോളം ശ്രീലാലിന് നഷ്ടം വരുത്തിയതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊമ്മാടിക്ക് സമീപമുള്ള കടയുടെ മുൻവശത്ത് പാർക്കു ചെയ്തിരുന്ന, രാജേഷിന്റെ വാഹനമാണ് ആദ്യം നശിപ്പിച്ചത്. തുടർന്ന് മറ്റ് വാഹനങ്ങൾ ഒന്നൊന്നായി തല്ലിത്തകർക്കുകയായിരുന്നു. ഇ.എസ്.ഐ ജംഗ്ഷനു തെക്കുവശത്തായി നശിപ്പിച്ച വാഹനത്തിന്റെ ഉടമയുമായും മുൻവൈരാഗ്യമുണ്ടായിരുന്നു.
വാഹനങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ജാക്കിലിവറും പൈപ്പും കണ്ടെടുത്തിട്ടുണ്ട്. ഇതു ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.