photo

 വാക്ക് പാലിച്ച് കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: പ്രളയവും രോഗവും തളർത്തിയ, ആലപ്പുഴ നഗരസഭ നെഹ്രുട്രോഫി വാർഡിൽ വിശ്വംഭരനും കുടുംബത്തിനും കെട്ടുറപ്പള്ളുള്ളൊരു വീടെന്ന സ്വപ്നം കെ.സി. വേണുഗോപാൽ എം.പിയുടെ കൈത്താങ്ങിൽ യാഥാർത്ഥ്യമാകുന്നു.

കഴിഞ്ഞ പ്രളയകാലത്ത് നെഹ്രുട്രോഫി വാർഡിൽ വെള്ളപ്പൊക്ക ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെയാണ് വിശ്വംഭരന്റെ വീട്ടിലും എം.പി എത്തിയത്. ചോർന്നൊലിക്കുന്ന കുടിലിൽ കഴിയുന്ന കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ടുബോദ്ധ്യമായ കെ.സി, വീട് നിർമ്മിച്ചുനൽകാമെന്ന് അന്ന് ഉറപ്പു നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭവന പദ്ധതിയിൽ ഉൾപ്പെടാനാവശ്യമായ ആധാരം ഉൾപ്പെടെയുള്ള രേഖകളൊന്നും വിശ്വംഭരന്റെ പക്കലുണ്ടായിരുന്നില്ല. ഇവ തയ്യാറാക്കാൻ നഗരസഭ ചെയർമാൻ തോമസ് ജോസഫിനെയും സന്നദ്ധ പ്രവർത്തകനായ വിവേകിനേയും ചുമതലപ്പെടുത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (എെ.എൻ.ടി.യു.സി) പ്രളയ ബാധിതർക്ക് എം.എസ്. റാവുത്തർ ഭവന പദ്ധതി പ്രകാരം വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയിൽ വിശ്വംഭരനെയും ഉൾപ്പെടുത്താൻ എം.പി നിർദേശം നൽകി.

വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഇന്നലെ എം.പി നിർവഹിച്ചു.

നവീന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വീടിന്റെ നിർമ്മാണത്തിന് കാലതാമസമൊഴിവാക്കണമെന്നും എം.പി നിർദേശിച്ചിട്ടുണ്ട്. വീടിന് കോൺഫെഡറേഷൻ സമാഹരിച്ച തുക വിശ്വംഭരന് കൈമാറുകയും ചെയ്തു.

തുടർന്ന് നടന്ന സമ്മേളനത്തിൽ മുൻ എം.പി കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, കെ.സി. രാജൻ, വി. സുധീർ കുമാർ, കെ.എൻ. മോഹനൻ, യമുന, വി.പി. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി നിസാറുദീൻ, ഇൗപ്പൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.