a

മാവേലിക്കര: ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ 105 വർഷത്തിന് ശേഷം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശത്തിന് സമാപനമായി.

സമാപന ദിവസമായിരുന്ന ഇന്നലെ പുലർച്ചെ 2.30നു നട തുറന്നു. 8ന് സുവർണ താഴികക്കുട പ്രതിഷ്ഠയും കുംഭേശ കലശാഭിഷേകവും 8.10 നും 8.40നും മദ്ധ്യേ മഹാബ്രഹ്മ കലശാഭിഷേകവും നടന്നു.

പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരെ ആദരിച്ച ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കൺവെൻഷൻ സെക്രട്ടറി രാജേഷ്‌കുമാർ സ്വാഗതം പറഞ്ഞു.