pkl-1

കയർ ലൂം യന്ത്രങ്ങൾ കേരളത്തിലും സജീവമാകുന്നു

പൂച്ചാക്കൽ: പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന കയർ ആലപ്പുഴയ്ക്ക് അന്യമാവാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പിക്കാം. കയർ ലൂം യന്ത്രത്തിൽ ഉത്പാദിപ്പിക്കുന്ന, പ്ളാസ്റ്റിക് നൂലു ചേർത്ത കയറിന് ആവശ്യക്കാർ ഏറിയതോടെ വില കൂടിയ നാടൻ കയറിന്റെ ഉത്പാദനം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.

പൊള്ളാച്ചിയിൽ നിന്നു വരുന്ന ചകിരി വെള്ളത്തിൽ ഇടാതെ അതേപോലെ തന്നെ യന്ത്രത്തിൽ നിക്ഷേപിച്ച് പ്ലാസ്റ്റിക് നാരുകൾ കടത്തി വിട്ടാണ് പുതിയ രീതിയിലുള്ള കയർ ഉത്പാദനം. കയർ പൊട്ടാതിരിക്കാനാണ് പ്ലാസ്റ്റിക് നൂലുകൾ ചകിരിയോടൊപ്പം ചേർത്ത് വിടുന്നത്. ഈ കയറുകൾക്ക് വിലക്കുറവാണ്. ഗുണമേന്മയില്ലാത്തതിനാൽ ഈടും കുറവാണ്. എന്നാൽ റാട്ടിൽ പിരിക്കുന്നതിനേക്കാൾ വേഗം കയർ ഉത്പാദിപ്പിക്കാൻ കഴിയും. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ കയർലൂം യന്ത്രത്തിൽ ഉത്പാദിപ്പിക്കുന്ന കയറുകൾക്ക് വിലക്കുറവായതിനാൽ റാട്ട് കയറുകൾക്ക് ആഗോള വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതിനാലാണ് കേരളത്തിലെ കയർ മേഖലയ്ക്കും കയർ ലൂം യന്ത്രത്തിലേക്ക് ചേക്കേറേണ്ടി വരുന്നത്. കയർ ലൂം യന്ത്രം വാങ്ങാൻ നിലവിൽ വായ്പയും സബ്‌സിഡിയും ആവശ്യമായ പ്രോത്സാഹനവും കയർഫെഡ് നൽകുന്നുണ്ട്. സാധാരണ റാട്ട് വഴി പിരിച്ചെടുക്കുന്ന കയറിന് കിലോയ്ക്ക് 50 രൂപയാണ്. കയർ ലൂം യന്ത്രം വഴിയുള്ള കയറിന് കിലോ 30 രൂപ മാത്രവും.

# അന്യമാകുന്ന കാഴ്ചകൾ

വീട്ടുമുറ്റത്ത് ഷെഡ് കെട്ടി റാഡുകൾ സ്ഥാപിച്ച്, സ്ത്രീകൾ മടിയിൽ ചകിരി കെട്ടിവച്ച് കൈകൾകൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത റാട്ടിലെ ചകിരി പിരി ജി​ല്ലയി​ലെ ഗ്രാമങ്ങളിൽ പതി​വ് കാഴ്ചയായി​രുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് 30 കിലോ വീതമുള്ള ചകിരിക്കെട്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഒരുമാസത്തോളം വെള്ളത്തിലിട്ട് ചകിരിയുടെ കറ പോയശേഷം ഉണക്കിയെടുക്കും.

# വെള്ളത്തിലായ ആലപ്പുഴ കയർ

തൊണ്ട് വെള്ളത്തി​ലിട്ട് ചീയിച്ച് മരത്തടി കൊണ്ട് അടിച്ച് പോള മാറ്റി അലിയിച്ച് സംസ്കരിച്ചെടുത്ത ചകിരിയായിരുന്നു കയർ പിരിക്കാൻ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ റാട്ടിൽ പിരിച്ചെടുക്കുന്ന കയറും ഉള്ളംകൈയിലിട്ട് കറക്കി പിരിച്ചെടുക്കുന്ന കൈ പിരിക്കയറുമാണ് ലോകോത്തര നിലവാരത്തിൽ ആലപ്പുഴക്കയറിനെ എത്തിച്ചത്. പിന്നീട് പച്ചത്തൊണ്ട് നേരിട്ട് മെഷീനിലിട്ട് അലിയിച്ച നിലയിൽ തമിഴ്നാട്ടിൽ നിന്നു വന്നുതുടങ്ങിയതോടെ ആ ജോലി ഗ്രാമീണ സ്ത്രീകൾക്ക് നഷ്ടമായി. ചകിരിത്തടിയും ചകിരി വടിയും അന്യമായി​. തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ച ചകിരി സംസ്കരിച്ചെടുത്താണ് പിന്നീട് ആലപ്പുഴക്കാർ കയർ മേന്മ പി​ടി​ച്ചു നിറുത്തിയത്.