s

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മുൾമുനയിൽ നിറുത്തുന്നത് വോട്ടെണ്ണൽ ദിനമാണ്. ആകാംക്ഷ നിറയുന്ന നിമിഷങ്ങൾ. ഭൂരിപക്ഷം കൂടുമ്പോൾ സ്ഥാനാർത്ഥിയുടെ മനസും കുതിക്കും. താഴുമ്പോൾ അതേപോലെ തിരിച്ചോടും. ഒടുവിൽ വിജയം തനിക്കെന്നറിയുമ്പോൾ ഒരു സന്തോഷമുണ്ട്. അതൊരു സന്തോഷം തന്നെയാണ്. തോൽക്കുന്നവരാവട്ടെ, കണ്ണീരാഴങ്ങളിലേക്കോ നിരാശയുടെ പടുകുഴിയിലേക്കോ വീണുപോവും.

വിജയക്കൊടി പാറിച്ചിട്ടും സ്വീകരണ വേളയിൽ പൊട്ടിക്കരഞ്ഞൊരു ജേതാവുണ്ടായിരുന്നു പണ്ട് ആലപ്പുഴയിൽ. പേര് പി.ജെ. ഫ്രാൻസിസ്. 1996ൽ വി.എസ് എന്ന മഹാമേരുവിനെ അടിയറവ് പറയിച്ച് 'ജാലവിദ്യ'ക്കാരൻ! മണ്ഡല പുനക്രമീകരണത്തിൽ ഇല്ലാതായിപ്പോയ പഴയ മാരാരിക്കുളം മണ്ഡലത്തിലായിരുന്നു അന്ന് ആ ചരിത്ര പോരാട്ടം നടന്നത്. അച്യുതാനന്ദൻ എന്ന പടക്കുതിരയെ പിടിച്ചുകെട്ടാൻ കോൺഗ്രസ് ഇറക്കിവിട്ടത് പി.ജെ.ഫ്രാൻസിസിനെ. അച്യുതാനന്ദനാകട്ടെ മാരാരിക്കുളത്തെ സിറ്റിംഗ് എം.എൽ.എയും.

അരൂർ മണ്ഡലത്തിൽ ഗൗരിഅമ്മയോട് രണ്ട് തവണ തോറ്റ് തുന്നം പാടിയതിൻെറ അനുഭവം പേറിയാണ് ഫ്രാൻസിസ് വി.എസിനെ നേരിടാനെത്തിയത്. ജയിക്കുമെന്നത് സ്വപ്നത്തിൽ പോലുമില്ല, ഫ്രാൻസിസിനും കോൺഗ്രസിനും. ഫ്രാൻസിസിനെ എതിരാളിയായി വി.എസ് കണക്കാക്കിയതേയില്ല. എസ്.ഡി.വി ഹൈസ്കൂളിലായിരുന്നു വോട്ടെണ്ണൽ. അന്ന് ദൂരദർശൻ മാത്രമേ ദൃശ്യ മാദ്ധ്യമമായുള്ളൂ. വി.എസ് വിജയിച്ച് പുറത്തേക്ക് വരുന്നത് തത്സമയം പകർത്താൻ അവർ സകല തയ്യാറെടുപ്പുകളുമായി നിൽക്കുകയാണ്. അപ്പോഴാണ് ഇടിമിന്നൽ പോലെ ആ വാർത്ത പരന്നത്, വി.എസ് തോറ്റു! ഫ്രാൻസിസിന് വിജയം. ഞെട്ടിപ്പോയി കേട്ടവർ. അതൊരു ഞെട്ടലായി കേരളക്കരയാകെ മാറിയപ്പോൾ ഒരാൾ പൊട്ടിക്കരയുകയായിരുന്നു; വി.എസ് അല്ല, സാക്ഷാൽ ഫ്രാൻസിസ്!

ഫ്രാൻസിസ് കണ്ണീരണിഞ്ഞുകൊണ്ട് ഡി.സി.സി ഓഫീസിലേക്ക് വരികയാണ്. വിജയിയെ എതിരേൽക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറെടുത്ത് നിൽക്കുന്നു. കരഞ്ഞുകൊണ്ട് വന്ന ഫ്രാൻസിസിനെ കണ്ട് അവർ അന്തം വിട്ടു. ഫ്രാൻസിസിനെ ചിരിപ്പിക്കാൻ ചിലർ ശ്രമിച്ചു. കരച്ചിലടങ്ങുന്നില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രക്ഷയില്ല. ഫ്രാൻസിസ് വീണ്ടും വീണ്ടും പൊട്ടിക്കരയുകയാണ്. ഒരിടത്തും ഒരു വിജയി ഇങ്ങനെ കരഞ്ഞ ചരിത്രം കാണില്ല. 2001 ൽ ഫ്രാൻസിസ് വീണ്ടും മത്സരിച്ചെങ്കിലും തോമസ് എെസക്കിനു മുന്നിൽ അടിതെറ്റി വീണു. അതോടെ രാഷ്ട്രീയ രംഗം വിട്ട ഫ്രാൻസിസ് ഇപ്പോൾ ആലപ്പുഴയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്.

ആഴങ്ങൾ തേടിയ വി.എസ്

ഫ്രാൻസിസ് കരയവേ വി.എസിൻെറ മനസ് പരാജയത്തിൻെറ ആഴങ്ങൾ തേടുകയായിരുന്നു. ഒരു ചതിയാണ് ആ പരാജയമെന്ന് പാർട്ടി തിരിച്ചറിഞ്ഞു. വി.എസിനെ തോൽപ്പിക്കാൻവേണ്ടി നടത്തിയ ബോധപൂർവമായ നീക്കം. മാരാരിക്കുളത്തെ എം.എൽ.എയായിരുന്ന വി.എസ് മണ്ഡലത്തിൽ ചെയ്ത നൂറ് കാര്യങ്ങൾ കാണിച്ചിറക്കിയ പ്രസ്താവന നേരെ ദോഷമായി ഭവിക്കുകയായിരുന്നു. ചെയ്യാത്ത കാര്യങ്ങൾപോലും ചെയ്തു എന്ന് കാട്ടിയുള്ളതായിരുന്നു പ്രസ്താവന. വി.എസ് ആകട്ടെ പ്രസ്താവന കണ്ടതുമില്ല. ഇത് വോട്ടർമാർക്കിടയിൽ വ്യത്യസ്ത ചിന്താഗതിയുണ്ടാക്കി. അത് ബോധപൂർവമായ ഇടപെടലായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അന്വേഷണമായി, അച്ചടക്ക നടപടിയായി. അതിൽ തെറിച്ചത് സി.പി.എം മാരാരിക്കുളം ‌ഏരിയാ സെക്രട്ടറി ടി.കെ. പളനിയായിരുന്നു. ദീർഘകാലം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറായിരുന്ന പളനിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് സി.പി.എെയിൽ ചേർന്ന പളനി വീണ്ടും സി.പി.എമ്മിലേക്ക് തിരിച്ചു വന്നു. ഒടുവിൽ പളനി എല്ലാം ബാക്കിയാക്കി യാത്രയാവുകയും ചെയ്തു.