ആലപ്പുഴ: മൊബൈൽ ഫോണിലൂടെ 'കോഡ് ഭാഷ' പറഞ്ഞ് ബന്ധപ്പെടുന്നവർക്ക് ബൈക്കിൽ വിദേശമദ്യം എത്തിച്ചുകൊടുത്തിരുന്ന കൊച്ചി നേവൽ ബേസിലെ കരാർ ജീവനക്കാരൻ എരമല്ലൂർ പാലപ്പറമ്പിൽ റോയി മോൻ ജോസഫിനെ (46) എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. 50,000 രൂപയോളം വരുന്ന 52 ഫുൾബോട്ടിൽ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെത്തി. പട്ടാളക്കാർക്കുള്ള ക്വാട്ട മദ്യം മദ്യഷോപ്പുകൾ അവധിയുള്ള ദിവസവും മറ്റും ആവശ്യക്കാർക്ക് സുലഭമായി കിട്ടുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് ഇയാൾ ഒരുമാസത്തോളമായി ഷാഡോ എക്‌സൈസിന്റ നിരീക്ഷണത്തിലായിരുന്നു.
വീട്ടിലെ കിടപ്പ് മുറിയുടെ കട്ടിലിന്റെ അടിയിൽ ചാക്കിൽ കെട്ടിവച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്. രാത്രി 9 നും 11 നും ഇടയ്ക്കും രാവിലെ 5 നും 6 നും ഇടയിലുമാണ് മദ്യവിൽപ്പന. മൊബൈലിലെ രഹസ്യകോഡ് ഭാഷയിലൂടെയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. റാഡികോ വൈറ്റ് ഫീൽഡ്, ലോർഡ് നെൽസൺ, മാൻഷൻഹൗസ്, ബിജോയ്സ്, വാസ്‌പോ ബ്രാൻഡി, ഓൾഡ് മങ്ക് എന്നീ ബ്രാൻഡുകളിലെ മദ്യമാണ് പിടിച്ചെടുത്തത്. 200 മുതൽ 300 രൂപവരെ കൂട്ടിയാണ് വിൽപ്പന നടത്തിവന്നിരുന്നത്. ആവശ്യക്കാർ എന്ന രീതിയിൽ എക്‌സൈസുകാർ ഇയാളെ സമീപിക്കുകയായിരുന്നു. തുറവൂർ റെയിൽവേ സ്റ്റേഷനിൽ പണവുമായി എത്താൻ ഇയാൾ പറഞ്ഞു. പിന്നീട് സ്ഥലം മാറ്റി ചെല്ലാനം ബീച്ചിൽ വരാൻ പറഞ്ഞു. പന്തികേട് തോന്നിയ റോയി വീട്ടിലേക്കു മടങ്ങിയെങ്കിലും എക്‌സൈസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. പട്ടാളക്കാർക്കുള്ള ക്വാട്ട മദ്യം ഇയാളുടെ കൈവശം വലിയ അളവിൽ എത്തിയതിനെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരുകയാണ്. പരിസര പ്രദേശങ്ങളിലെ വിമുക്ത ഭടന്മാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. ചേർത്തല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ. കുഞ്ഞുമോൻ, ജി.അലക്‌സാണ്ടർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.ആർ.റഹീം,പി.അനിലാൽ, ഓംകാർനാഥ്, എൻ.പി. അരുൺ, കെ.വി അശോകൻ, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.