t

# തച്ചടി ഓർമ്മയായിട്ട് ഇന്ന് 19 വർഷം

ആലപ്പുഴ: തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ ജില്ലയിലെ കോൺഗ്രസുകാരുടെ ഉള്ളിൽ തെളിയുന്നൊരു ചിത്രമുണ്ട്. കോൺഗ്രസിന് ആലപ്പുഴയിൽ പുതിയൊരു മുഖം നൽകിയ തച്ചടി പ്രഭാകരൻെറ ചിത്രം. അതുപോലെയാരു കാലം കോൺഗ്രസിന് പിന്നെയുണ്ടായിട്ടില്ലെന്നാണ് കാേൺഗ്രസുകാർ തന്നെ പറയുന്നത്. പാർട്ടിയിലെ ആ 'വിപ്ളവകാരി' വിടവാങ്ങിയിട്ട് ഇന്ന് 19 വർഷം തികയുന്നു.

സമ്പന്നരുടെ അലങ്കാരമായിരുന്ന ജില്ലയിലെ കോൺഗ്രസിനെ സാധാരണക്കാരൻെറ പക്ഷത്തേക്ക് തിരിച്ച ജനകീയനായിരുന്നു തച്ചടി. തച്ചടി ഡി.സി.സി പ്രസിഡൻറായി വന്നതോടെ ജില്ലയിലെ കോൺഗ്രസിൻെറ മുഖം തന്നെ മാറി. പാവപ്പെട്ടവരെയും പിന്നാക്ക വിഭാഗത്തെയും കോൺഗ്രസിനോട് അടുപ്പിച്ചു. സമ്പൻമാരുടെ പാർട്ടിയല്ല കോൺഗ്രസ് എന്ന പാഠമാണ് തച്ചടി പഠിപ്പിച്ചത്.

1977 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിച്ചത് തച്ചടി പ്രഭയുടെ തെളിവായിരുന്നു. പത്ത് വർഷം ജില്ലാ കോൺഗ്രസിൻെറ തലപ്പത്തിരുന്ന് അദ്ദേഹം പാർട്ടിയെ നയിച്ചു. തച്ചടി ഡി.സി.സി പ്രസിഡൻറും ഡി.സുഗതൻ യൂത്ത് കോൺഗ്രസ് പ്രസിഡൻറുമായിരുന്നു. ആ കാലത്തായിരുന്നു വി.എം. സുധീരൻ ആദ്യമായി ആലപ്പുഴയിൽ നിന്ന് പാർലമെൻറിലേക്ക് മത്സരിക്കുന്നത്. വിജയത്തിൻെറ പടവുകൾ ഓരോന്ന് തുടങ്ങുകയായിരുന്നു. 80 ലും 82ലും കായംകുളത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച് കയറിയ തച്ചടി, കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. കെ.പി.സി.സി സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻറ്, കോ- ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡൻറ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ച തച്ചടി മികച്ച സഹകാരിയായിരുന്നു.

# കൊല്ലാൻ ആളു വന്നത് ആറു തവണ

ആറു തവണ എതിരാളികളിൽ നിന്നു വധശ്രമമുണ്ടായി. ഒരിക്കൽ ആക്രമ ശ്രമമുണ്ടായപ്പോൾ മത്സ്യത്തൊഴിലാളികളുടെ കുട്ടത്തിൽ കയറി കുട്ട ചുമന്നു ആൾമാറാട്ടം നടത്തി ശത്രുക്കളിൽ നിന്നു രക്ഷപ്പെട്ടു. നെടുമുടി പഞ്ചായത്തിൽ പാർട്ടി യോഗം കഴിഞ്ഞു മടങ്ങവേ ശത്രുക്കൾ പിന്നാലെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളത്തിൽ ചാടിയാണ് രക്ഷപ്പെട്ടത്. പിന്നീട് ധനകാര്യ മന്ത്രിയായപ്പോൾ അന്ന് ചാടിയ സ്ഥലത്ത് പാലം നിർമ്മിച്ച് ആ സ്ഥലത്തോടുള്ള മമത കാട്ടി. പാവപ്പെട്ട പാർട്ടിക്കാരുടെ സുഖദുഃഖങ്ങളിൽ പങ്കു ചേർന്ന് അവരെ സഹായിക്കുന്നത് തച്ചടിയുടെ പ്രത്യേകതയായിരുന്നു. എെ.എ.എസ് ഉദ്യോഗസ്ഥനായ ബിജുപ്രഭാകർ മകനാണ്.