മാവേലിക്കര: ചെട്ടികുളങ്ങര ഒതളപ്പുഴ തോട്ടിലെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാൻ ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട നാലാമത്തെ കരയായ 177ാം നമ്പർ കൈതവടക്ക് ഹൈന്ദവ കരയോഗം തീരുമാനിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒതളപ്പുഴത്തോട്ടിൽ അടിഞ്ഞുകൂടി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദുർഗന്ധവും കിണർ ജലം ഉൾപ്പെടെ മലിനമാകുന്നതും കൂടാതെ തോടിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് രോഗങ്ങൾ പിടിപെടുന്ന സാഹചര്യവുമുണ്ട്.
കൈത വടക്ക് കരയുടെ ഭാഗത്തു കൂടിയാണ് തോട് ഒഴുകുന്നത്. ചെട്ടികുളങ്ങരയുടെ ഭൂമി ശാസ്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന തോടാണ് ഒതളപ്പുഴത്തോട്. പെരിങ്ങാല, കണ്ണമംഗലം വില്ലേജുകളിലൂടെ ഒഴുകി കരിപ്പുഴ തോട്ടിൽ ചേർന്ന് കായംകുളം കായലിലാണ് തോട് പതിക്കുന്നത്. വർഷങ്ങളായി ക്ഷേത്രത്തിലെ മാലിന്യം ഓടയിലൂടെ തോട്ടിലേക്കാണ് ഒഴുക്കുന്നത്. അധികൃതരാകട്ടെ ഇക്കാര്യത്തിൽ നിസംഗത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കരയോഗം നിയമനടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങുന്നത്.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്കും 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദു മത കൺവൻഷനും കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മാലിന്യപ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് കരയോഗം പ്രമേയം പാസാക്കിയത്. ഒരുതവണകൂടി ജില്ലാ ഭരണകൂടം, ദേവസ്വം ബോർഡ്, ഗ്രാമപഞ്ചായത്ത് എന്നിവർക്ക് കത്ത് നൽകാനും പരിഹാരം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് ഹൈന്ദവ കരയോഗത്തിന്റെ തീരുമാനം. യോഗത്തിൽ പ്രസിഡന്റ് ആർ.ബിനുകുമാർ അദ്ധ്യക്ഷനായി.