പ്രതി അന്തർ സംസ്ഥാന മോഷ്ടാവ്
കറ്റാനം: കറ്റാനത്ത് വീടിന്റെ ചിമ്മിനി തുരന്ന് കയറിൽ തൂങ്ങിയിറങ്ങി 14 പവൻ മോഷ്ടിച്ചതുൾപ്പെടെ നിരവധി മോഷണങ്ങളിൽ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട പെരുങ്കുളം പൂവച്ചൽ പറക്കാണിമേക്കിൻ കര വീട്ടിൽ ആൽബിൻ രാജിനെ (ഷൈജു -33 ) മോഷ്ടിച്ച ബൈക്കിൽ രാത്രിയിൽ യാത്ര ചെയ്യുന്നതിനിടെ ബലപ്രയോഗത്തിലൂടെ കുറത്തികാട് പൊലീസ് പിടികൂടി.
ജനുവരി 23 ന് കറ്റാനം സാരംഗിയിൽ ഐശ്വര്യ പ്രഭയുടെ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അറ് പവൻ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെളളിയാഴ്ചയാണ് കറ്റാനം ഇല്ലത്ത് ബംഗ്ലാവിൽ വിശ്വനാഥന്റെ വീടിന്റെ ചിമ്മിനിയുടെ ഭാഗം ഇളക്കി കയർ കെട്ടി ഇറങ്ങിയശേഷം അലമാര കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും അപഹരിച്ചത്. ഇത് പ്രതി സമ്മതിച്ചതായി ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര പറഞ്ഞു. ഫെബ്രുവരി 9 ന് കുറത്തികാട് പള്ളിക്കൽ പുതുപ്പറമ്പിൽ രാജുവിന്റെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അയ്യായിരം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന രേഖകളും അപഹരിച്ചു. തുടർന്ന് മറ്റൊരു വീട് കേന്ദ്രീകരിച്ച് മോഷണം നടത്താൻ സ്‌കൂട്ടറിൽ എത്തിയപ്പോഴാണ് തെക്കേക്കര ഉമ്പർനാട് അഞ്ചാഞ്ഞിലിമൂടിന് സമീപം വച്ച് ഇയാൾ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം രാത്രിയിൽ മഫ്തിയിൽ ബൈക്കിൽ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് പിന്തുടർന്ന് പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽ ചിലത് പൊലീസ് കണ്ടെടുത്തു. പുനലൂരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിലായിരുന്നു യാത്ര.