ചേർത്തല:ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പള്ളിപ്പുറത്ത് വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് അക്രമം നടത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിപ്പുറം 2-ാംവാർഡ് പോച്ചേരിമഠത്തിൽ വിമൽദേവ് (33), മൂന്നാം വാർഡ് പായിക്കാട്ട് ശംഭു എന്ന ഹർഷകുമാർ (26), നാലാം വാർഡ് കരിനാട്ട് ഗിരീഷ് (33), ചക്രം ശ്യാം എന്ന വള്ളിക്കാട്ടു കോളനി ശ്യാം (33), വള്ളിക്കാട്ടു കോളനി രാജേഷ് (29), ആറാം വാർഡ് കരിനാട്ട് മനീഷ് (26), ചക്കനാട്ട് കോളനി ഷൈൻ (29) എന്നിവരാണ് പിടിയിലായത്. അക്രമത്തിന് ശേഷം കൊട്ടാരക്കര, പൂച്ചാക്കൽ എന്നിവിടങ്ങളിലായി ഒളിവിലിരുന്ന പ്രതികളെ ചേർത്തല സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് നേതൃത്വം നൽകിയ രണ്ടു പ്രധാനികളടക്കം 13 പേർ കൂടി പിടിയിലാകാനുണ്ട്.
പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ 10ന് അക്രമം നടന്നത്. 20 ഓളം വരുന്ന അക്രമികൾ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകയറി അക്രമം നടത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ലകൾ അടിച്ചു തകർത്ത സംഘം പാർക്ക് ചെയ്തിരുന്ന കാറും സ്കൂട്ടറും അടിച്ചു തകർത്തിരുന്നു. പ്രദേശത്തെ ഉത്സവ ആഘോഷങ്ങളുടെ തുടർച്ചയായി ഉണ്ടായ സംഭവമായിരുന്നു ആക്രമണത്തിന് പിന്നിൽ. വധശ്രമം, പിടിച്ചുപറി,മോഷണം തുടങ്ങിയ വിവിധ കേസുകളിൽ പ്രതികളാണ് ഇവർ. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകളിലും സമീപ പ്രദേശത്തെ ശ്മശാനത്തും നിന്ന് പെട്രോൾ ബോംബ്,വടിവാൾ,കൊടുവാൾ,എസ് കത്തി,ഗുണ്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ വൻ പൊലീസ് സന്നാഹത്തോടെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. സ്‌ഫോടക വസ്തു നിരോധന നിയമം, ആയുധം കൈവശം വയ്ക്കൽ, വീടാക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അക്രമത്തിലെ പ്രധാനികളെന്നു കരുതുന്ന കാള മഹേഷ് എ മഹേഷ്, വൈശാഖ് ബാബു എന്നിവരടക്കം 13പേരെയാണ് തിരയുന്നത്. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ടി.ടി.പ്രസാദ് എ.എസ്.ഐ മാരായ സുനിൽ, ബസന്ത്,ഉണ്ണി,ജയചന്ദ്രൻ,സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, അഭിൻ, നിഥിൻ,ഡാരൻ, മനു,ജിതിൻ,പ്രവീഷ്, ലതീഷ്,മഞ്ജുകൃഷ്ണൻ എന്നിവർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.