ആലപ്പുഴ : തിരഞ്ഞെടുപ്പ് എന്നു കേൾക്കുമ്പോൾ ആഞ്ചലോസിന്റെ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് മുഖങ്ങളുണ്ട്. പൂങ്കാവ് സ്വദേശികളായ ദമ്പതികളാണവർ. പ്രചാരണത്തിനിടയിൽ തനിക്ക് മധുരിക്കുന്ന സമ്മാനം നൽകിയതിന്റെ പേരിലാണ് , രാഷ്ട്രീയത്തിൽ എതിർചേരിയിലായിരുന്ന ദമ്പതികൾ ആഞ്ചലോസിന്റെ പോരാട്ടഹൃദയത്തിൽ പതിഞ്ഞത്.
അക്കഥ ഇങ്ങനെ :1991ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി ആലപ്പുഴയിൽ മത്സരിക്കുകയാണ് ടി.ജെ.ആഞ്ചലോസ്. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ കരുത്തനായ വക്കം പുരുഷോത്തമനും. മാരാരിക്കുളം മണ്ഡലത്തിൽ എം.എൽ.എ ആയിരുന്ന തിളക്കം കൊണ്ടാണ് വക്കത്തിനെതിരെ പോരടിക്കാൻ ആഞ്ചലോസിനെ പാർട്ടി ഇറക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂങ്കാവിലെ ഒരു വീട്ടിലേക്ക് വോട്ടുതേടി ചെന്നു. കോൺഗ്രസുകാരാണ് വീട്ടുകാർ. നല്ല സ്വീകരണം പ്രതീക്ഷിച്ചല്ല കയറി ചെന്നതെങ്കിലും ചിരിച്ചുകൊണ്ടാണ് അവിടുത്തെ വീട്ടമ്മ ഇടതു സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വോട്ടു ചോദിച്ച് തിരിച്ചു നടന്നപ്പോൾ അവർ ഇരുപതു രൂപ രഹസ്യമായി സ്ഥാനാർത്ഥിയുടെ കൈയിൽ വച്ചു കൊടുത്തു. ഭർത്താവ് ഇതു കണ്ടു. അദ്ദേഹം ഭാര്യയെ ശകാരിച്ചു. ഇരുവരെയും സമാധാനപ്പെടുത്താനായി പിന്നെ ആഞ്ചലോസിന്റെ ശ്രമം. ഇതിനിടെ മറ്റ് വീട്ടുകളിലേക്ക് വോട്ടുതേടിപ്പോയി. തിരികെ ജംഗ്ഷനിൽ വന്നപ്പോൾ, നേരത്തെ വീട്ടിൽ വഴക്കുണ്ടാക്കിയ ഗൃഹനാഥൻ ചിരിച്ചുകൊണ്ടു നിൽക്കുന്നു. അദ്ദേഹം ആഞ്ചലോസിൻെറ കൈപിടിച്ച് 25 രൂപ വച്ചുകൊടുത്തു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങൾ.
തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം സ്വീകരണം ഏറ്റുവാങ്ങാൻ പൂങ്കാവിൽ ചെന്നപ്പോൾ ആ ദമ്പതികൾ സ്നേഹപുഷ്പവുമായി നിൽപ്പുണ്ടായിരുന്നു. 'അതെൻെറ ഹൃദയത്തെ തൊട്ടു. മറക്കാനാകുന്നില്ല ആ നിമിഷങ്ങൾ"- വർഷങ്ങൾക്കിപ്പുറം സി.പി.എെ ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് ടി.ജെ.ആഞ്ചലോസ് പറയുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് ഓർമ്മകൾ ഇനിയുമുണ്ട്. ചേപ്പാട് പ്രചാരണത്തിനിടയിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാർത്ത പരന്നത്. വോട്ട് പിടുത്തം അവിടെ നിറുത്തി ആലപ്പുഴയിലേക്ക് മടങ്ങി. വരുന്ന വഴിക്ക് റോഡുകളെല്ലാം ബ്ളോക്ക് ചെയ്തുകൊണ്ടുള്ള പ്രതിഷേധം. രണ്ടാഴ്ച തിരഞ്ഞെടുപ്പ് പ്രവർത്തനം നിലച്ചു. പ്രചാരണം എങ്ങനെ മുന്നോട്ട് പോകുമെന്ന് ഒരെത്തും പിടിയുമില്ല. കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു.
രണ്ടാഴ്ച കഴിഞ്ഞ് തുമ്പോളിയിൽ ചെന്നു. കുറച്ച് സ്ത്രീകൾ ഒരു വീടിൻെറ മുന്നിൽ നിൽക്കുന്നു. അവരോട് വോട്ട് ചോദിച്ചു. അതൊരു ഹരമായി. സ്ഥാനാർത്ഥി ഒാരോ പ്രദേശത്തും നേരിട്ട് പോയി വോട്ട് ചോദിച്ചു. അത് വോട്ടർമാരുടെ മനസിൽ പതിഞ്ഞു. വോട്ട് എണ്ണിയപ്പോൾ സംസ്ഥാനത്ത് മൂന്നിടത്താണ് എൽ.ഡി.എഫ് ജയിച്ചത്. ചിറയിൻകീഴിൽ സുശീലാ ഗോപാലൻ, കാസർകോട് രാമണ്ണറേ, ആലപ്പുഴയിൽ ടി.ജെ. ആഞ്ചലോസും. പക്ഷേ, 1996 ലെ തിരഞ്ഞെടുപ്പിൽ ആഞ്ചലോസിന് കാലിടറി. കോൺഗ്രസിലെ വി.എം.സുധീരനോട് പരാജയപ്പെട്ടു.
ഗൗരി അമ്മയെ പുറത്താക്കിയതിനുശേഷമുള്ള യു.ഡി.എഫ് അനുകൂല തരംഗമായിരുന്നു അന്ന് ജില്ലയിൽ. പിന്നീട്
സി.എസ്. സുജാത തോറ്റതുമായി ബന്ധപ്പെട്ട് ആഞ്ചലോസിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തുടർന്ന് സി.പി.എെയിൽ ചേർന്നു. ഇപ്പോൾ സി.പി.എെ ജില്ലാ സെക്രട്ടറിയാണ്.
തിളക്കമുള്ള ബ്ളാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ !
അന്ന് സി.പി.എം സ്ഥാനാർത്ഥികൾ പോസ്റ്ററിൽ ഫോട്ടോ വയ്ക്കുന്ന പതിവില്ലായിരുന്നു. പേരും ചിഹ്നവും മാത്രം. എതിർ സ്ഥാനാർത്ഥിയായ വക്കത്തിനാകട്ടെ ഡൽഹിയിൽ നിന്ന് കളർഫുൾ പോസ്റ്ററുകളിറങ്ങി. എസ്.ഡി. കോളേജിലെ പൂർവവിദ്യാർത്ഥിയായിരുന്ന ആഞ്ചലോസിനുവേണ്ടി കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ബ്ളാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകളിറക്കി. അത് ക്ളിക്കായി. വിദ്യാർത്ഥികൾ സ്ക്വാഡുകളുണ്ടാക്കി വീടുകളിൽ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു. യുവത്വത്തിൻെറ മേൽക്കൈ അങ്ങനെ ആഞ്ചലോസിനൊപ്പമായി. ഒപ്പം വിജയവും.
സൈക്കിളിൽ കറങ്ങിയ ചെയർമാൻ
1987ൽ ആഞ്ചലോസ് യൂണിയൻ ചെയർമാനായിരുന്നപ്പോഴാണ് കേരള സർവകലാശാല യുവജനോത്സവം ആദ്യമായി ആലപ്പുഴയിൽ നടത്തിയത്. ആഡിറ്റോറിയത്തിൽ ഒതുങ്ങി നിന്നിരുന്ന യുവജനോത്സവം അന്ന് സ്റ്റേഡിയത്തിൽ നടത്തി. ഒാരോ വേദിയിലും സൈക്കിളിലായിരുന്നു ചെയർമാൻ ഓടിയെത്തിയിരുന്നത്. ഇതേപ്പറ്റി കേരളകൗമുദിയിൽ പടം സഹിതം വാർത്ത വന്നത് ആഞ്ചലോസ് ഇന്നലത്തെയെന്നപോലെ ഓർക്കുന്നു.