അരൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള എരിയകുളം നികത്തി പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം രമേശ് അരൂർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമവും കേരള നെൽവയൽ തണ്ണീർത്തs സംരക്ഷണ നിയമവും ലംഘിച്ചു കൊണ്ടാണ് കുളം നികത്താൻ പോകുന്നത്. ഇപ്പോൾ 50 സെന്റിൽ മാത്രമായി അവശേഷിക്കുന്ന എരിയകുളം നികത്തി കെട്ടിടം നിർമ്മിക്കാനുള്ള നീക്കം തടയുമെന്ന് ജനകീയ പ്രതിരോധ സമിതി പ്രവർത്തകർ പറഞ്ഞു. സമിതി ചെയർമാൻ പി.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ.ഗൗരീശൻ, കെ.ആർ.അശോകൻ, യു.കെ.കൃഷ്ണൻ, കെ.പി.ദിലീപ് കുമാർ, അഡ്വ.കെ.എസ്.ബൈജു, ഷാജീവൻ എന്നിവർ സംസാരിച്ചു.