മാവേലിക്കര: അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 25-ാമത് കാർഷിക-പുഷ്പഫല സസ്യ പ്രദർശനമായ പുഷ്പമേളയ്ക്ക് മിച്ചൽ ജംഗ്ഷന് പടിഞ്ഞാറവശത്ത് കോടിക്കൽ ഗാർഡൻസിൽ തുടക്കമായി. 17 വരെ നടക്കുന്ന മേളയിൽ കാർഷിക വിളകളുടെ പ്രദർശനം, ശ്വാനപ്രദർശനം, വിദ്യാർത്ഥികൾക്കായുള്ള കാർഷിക ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
പുഷ്പ മേളയും അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി സിൽവർ ജൂബിലി സമ്മേളനവും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ റോണി.റ്റി.ഡാനിയേൽ അദ്ധ്യക്ഷനായി. മുൻസിപ്പൽ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഡോ.വി.ചിത്രരാജൻ, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി ജോൺ, കെ.ഗോപൻ, വെട്ടിയാർ മണിക്കുട്ടൻ, അഡ്വ.കെ.ജി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 5.30ന് നൃത്തസംഗീത സന്ധ്യ, 8ന് മിമിക്‌സ്, 16ന് വൈകിട്ട് 7.30ന് ഗാനമേള, 17ന് വൈകിട്ട് 4ന് സമ്മാനദാന സമ്മേളനം. ഇടുക്കി കൺസ്യൂമർ ഫോറം പ്രസിഡന്റ് അഡ്വ.ഗോപകുമാർ സമ്മാനദാനം നിർവഹിക്കും. ചെയർമാൻ ഫാ.വി.എം.മത്തായി വിളനിലത്ത് അദ്ധ്യക്ഷനാവും. 6.30ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റോണി.ടി.ഡാനിയേൽ അദ്ധ്യക്ഷനാവും. മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നവീൻ മാത്യു ഡേവിഡ്, സതി കോമളൻ, വിജയമ്മ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും. തോമസ് ജോൺ സ്വാഗതവും അഡ്വ.തോമസ്.എം.മാത്തുണ്ണി നന്ദിയും പറയും.
കേരളകൗമുദി സ്റ്റാൾ തുറന്നു
മാവേലിക്കര: മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ നടന്നുവരുന്ന പുഷ്പമേളയിൽ കേരളകൗമുദി സ്റ്റാൾ തുറന്നു. കേരളകൗമുദിയുടെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭിക്കും. സ്റ്റാളിന്റെ ഒൗപചാരിക ഉദ്ഘാടനം ഇന്ന് നടക്കും.
തപാൽ വകുപ്പിന്റെ സ്റ്റാൾ
പുഷ്പമേളയിൽ തപാൽവകുപ്പിന്റെ വിവിധ ബിസിനസ് സംരംഭങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ എടുക്കാനുള്ള സൗകര്യം, സ്വന്തം ഫോട്ടോ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള അത്യാകർഷകമായ മൈസ്റ്റാമ്പ് സംവിധാനം, മറ്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം എന്നിങ്ങനെ തപാൽവകുപ്പിന്റെ എല്ലാ സംരംഭങ്ങളും സജ്ജമാക്കിയിട്ടുണ്ട്.