മാവേലിക്കര: ഇരു വൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ യുവാവിനെ രക്ഷിക്കാൻ നാളെ നാടൊന്നാകെ ധനസമാഹരണത്തിനിറങ്ങും.
തഴക്കര പഞ്ചായത്ത് എട്ടാം വാർഡിൽ വെട്ടിയാർ മാങ്കാംകുഴി ശ്യാം ഭവനത്തിൽ ശശി - സുജ ദമ്പതികളുടെ മകൻ ശ്യാംശശി (28)യാണ് ദുരിതാവസ്ഥയിൽ കഴിയുന്നത്.
യുവാവിന് വൃക്ക നൽകാൻ പിതാവ് ശശി സന്നദ്ധനായെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വഴിമുട്ടിയതിനെത്തുടർന്ന് തഴക്കര പഞ്ചായത്ത് ജനകീയ കൂട്ടായ്‍മ രൂപീകരിക്കുകയായിരുന്നു.
തഴക്കര പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ 21 വാർഡിലും നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ഭവന സന്ദർശനങ്ങൾ വഴി ധനസമാഹരണം നടത്തും. തഴക്കര പഞ്ചായത്തിലെ 21 വാർഡിലെ പഞ്ചായത്ത് അംഗങ്ങൾ അവരുടെ ഈ മാസത്തെ ഓണറേറിയത്തിന്റെ പകുതി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശ്യാമിനെ ഡയാലിസിസിന് വിധേയനാക്കി ചികിത്സ നൽകി വരികയാണ്.