ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ ചൂട്ടുകമ്പം ദർശിക്കാൻ ആയിരങ്ങളെത്തി.
കുംഭസക്രാന്തി രാവിൽ നടത്തുന്ന ക്ഷേത്രാചാരച്ചടങ്ങാണ് ചൂട്ടുകമ്പം. പ്രായമേറിയ അടയ്ക്കാമരത്തിൽ ഉണങ്ങിയ കമുങ്ങിൻ ഓലകൾ ചുറ്റിനും വരിഞ്ഞുമുറക്കി കമുക്കിന്റെ മുകൾഅറ്റംവരെ പൊതിഞ്ഞാണ് ഇതു പ്രദർശിപ്പിക്കുന്നത്. പ്രകൃതിയിൽ നിന്നും സാമ്പാദിക്കുന്ന സാധനങ്ങൾ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുകയുള്ളു. ഭക്തജനങ്ങൾ മുതുകാട്ടുകര ഭഗവതിയുടെ ഇഷ്ട വഴിപാടായിട്ടാണ് ചൂട്ടുകമ്പം ഒരുക്കുന്നത്. ക്ഷേത്ര മൈതാനിയിൽ രണ്ടു നിരകളിലായി നാട്ടുന്ന ചൂട്ടുകമ്പങ്ങളെ പുറത്തെഴുന്നള്ളുന്ന ഭഗവതി അനുഗ്രഹിച്ച ശേഷമാണ് അഗ്നിദേവനു സമർപ്പിക്കുന്നത്.ഓരോ ചൂട്ടു കമ്പങ്ങളും ഒരുക്കുവാൻ ഒരാഴ്ചയോളം കഠിന ജോലി വേണ്ടിവരും. ഈ വർഷം പന്ത്രണ്ടോളം ചൂട്ടുകമ്പങ്ങളാണ് എത്തിയത്.