സുഷമ അജയൻ ജയിച്ചത് 446 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
കായംകുളം: കായംകുളം നഗരസഭ പന്ത്രണ്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുഷമ അജയന് ഉജ്ജ്വല വിജയം.
സി.പി.എം കൗൺസിലറായിരുന്ന വി.എസ്. അജയന്റെ ഭാര്യയാണ് സുഷമ. അജയൻ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെയുള്ള 1427 വോട്ടിൽ 1117 വോട്ട് രേഖപ്പെടുത്തി. സുഷമ അജയന് 734 വോട്ടും യു.ഡി.എഫിലെ എം.ജെ. സിന്ധുകുമാരിക്ക് 228 വോട്ടും ബി.ജെ.പിയിലെ ജി. രാധാകൃഷ്ണന് 93 വോട്ടും, സ്വതന്ത്രയ്ക്ക് 2 വോട്ടും ലഭിച്ചു. സുഷമയ്ക്ക് 446 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 1086 വോട്ടിൽ വി.എസ്. അജയൻ- 590, കോൺഗ്രസിലെ എം.വിജയകുമാർ- 311, ബി.ജെ.പിയിലെ കോട്ടാൽ അജിത് കുമാർ- 185 എന്നിങ്ങനെയാണ് വോട്ട് നേടിയത്. ഇത്തവണ യു.ഡി.എഫ് വോട്ടിൽ കുറവുണ്ടായി. ബി.ജെ.പിയുടെ വോട്ട് പകുതിയിലേക്കു താഴ്ന്നു. സുഷമ വിജയിച്ചതോടെ എൽ.ഡി.എഫ് - 21, യു.ഡി.എഫ്- 15, ബി.ജെ.പി - 7, സ്വ- 1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. സി.പി.എമ്മിലെ എൻ. ശിവദാസൻ ആണ് ചെയർമാൻ. ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രകടനം നടത്തിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണ വി.എസ്. അജയൻ കഴിഞ്ഞ ഒക്ടോബർ 25 നാണ് മരിച്ചത്.