r

ആലപ്പുഴ: ഒരു കായലിൻെറ ഇരു കരകളിൽ നിന്ന് വളർന്നുവന്ന രണ്ടുപേർ. ഒരാൾ ഇമ്മിണി ഇളയത്. മൂത്തയാളിന്റെ പേര് രവി. ഇളയത് ആന്റണി. പിൽക്കാലത്ത് വയലാർ രവിയെന്നും എ.കെ. ആന്റണിയെന്നും ഈ രണ്ടു സുഹൃത്തുക്കൾ കേരള രാഷ്ട്രീയത്തിലെ താരങ്ങളായി മാറി.

വയലാർ രവിയുടെ വീട് ചേർത്തല കായലിനക്കരെ വയലാർ പഞ്ചായത്തിൽ. ആൻറണിയുടേത് കായലിനിക്കരെ ചേർത്തല മുനിസിപ്പാലിറ്റിയിലും. മഹാരാജാസ് കോളേജിൽ രണ്ടുപേരും കെ.എസ്.യു നേതാക്കൾ. രവിയുടെ ജസ്റ്റ് ജൂനിയറാണ് ആൻറണി. യൂത്ത് കോൺഗ്രസിൻെറ എറണാകുളം ഓഫീസിലെ കൊച്ചുമുറിയിലാണ് വയലാർ രവി താമസിക്കുന്നത്. മാസ് ഹോട്ടലിൽ ഒരു കുഞ്ഞുമുറി ആൻറണിക്ക് ഫ്രീയായി നൽകിയിട്ടുണ്ട്. വയലാർ രവിയെ ഡെക്കാൺ ഹെറാൾഡിൻെറ കൊച്ചിയിലെ ലേഖകൻ എന്ന നിലയിൽ വി.കെ. കൃഷ്ണമേനോൻ നിയമിച്ചു. മാസം 200 രൂപ കൊടുക്കും. യൂത്ത് കോൺഗ്രസ് ഓഫീസിനടുത്തുള്ള ആനി കഫേയിൽ ഉൗണിന് ഒരു രൂപയാണ്. ആൻറണിക്ക് ഉൗണ് ഇവിടെ നിന്നാണ്. മാസം 30 രൂപ വേണം. ആ രൂപ രവിക്ക് കിട്ടുന്ന 200 രൂപയിൽ നിന്ന് നൽകും. രവിക്ക് ഭക്ഷണം മിക്കദിവസവും സുഹൃത്തുക്കളുടെ വീടുകളിൽ നിന്ന്. രണ്ടുപേരും പിന്നെ ഏറണാകുളം ലാ കോളേജിലെയും വിദ്യാർത്ഥികളായി. ക്ളാസിൽ പോകുന്നത് അപൂർവം, രാഷ്ട്രീയ പ്രവർത്തനം തന്നെ പ്രധാനം. അങ്ങനെ മുന്നേ നിന്ന രവിയെ പിന്നിലാക്കി കുതിച്ച് ആൻറണി കെ.പി.സി.സി പ്രസിഡൻറായി. രവിക്ക് മുകളിൽ ആൻറണി പറന്നു. രവിയും പറന്നു. ആ പറക്കൽ ഇരുവരെയും ദേശീയ രാഷ്ട്രീയത്തിലെ മുൻനിരക്കാരാക്കി. ചേർത്തല എന്ന കൊച്ചുഗ്രാമത്തിൻെറ വലിയ സംഭാവനകളായി ഇരുവരും മാറി. കേരള രാഷ്ട്രീയത്തിൽ ഒരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത വലിയ നേട്ടം.

രണ്ടുപേരും കെ.പി.സി.സി പ്രസിഡൻറായി. പലതവണ രാജ്യസഭാ അംഗങ്ങളായി. ഒരേമന്ത്രിസഭയിൽ കേന്ദ്രമന്ത്രിമാരായി. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി. രവി മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചപ്പോൾ ആൻറണി മൂന്ന് തവണ മുഖ്യമന്ത്രിയായി.

ഇരുവരെയും ആദ്യം ജയിപ്പിച്ചുവിട്ടത് ചേർത്തല. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് 1971 ൽ സി.പി.എമ്മിൻെറ എൻ.പി. തണ്ടാറിനെ 300 വോട്ടുകൾക്ക് തോൽപ്പിച്ചുകൊണ്ടായിരുന്നു ആൻറണിയുടെ കന്നി വിജയം. വയലാർ രവിയുടെ ചേർത്തലയിലെ വിജയം 1982ൽ. 2001 ലും ആൻറണി ചേർത്തലയിൽ നിന്ന് വിജയിച്ചു. പക്ഷേ, രവി 1991ൽ ചേർത്തലയിൽ സി.കെ. ചന്ദ്രപ്പനോട് തോറ്റു.

രാജൻ സംഭവത്തെതുടർന്ന് കരുണാകരൻ രാജിവച്ചപ്പോഴാണ് ആൻറണി ആദ്യം മുഖ്യമന്ത്രിയായത്. 1977 ഏപ്രിൽ 27ന്. എെ.എസ്.ആർ.ഒ ചാരക്കേസിൽ കരുണാകരൻ രണ്ടാം തവണ രാജിവച്ചപ്പോൾ 95 മാർച്ച് 22 ന് വീണ്ടും മുഖ്യമന്ത്രിയായി. 96 മുതൽ 2001 വരെ പ്രതിപക്ഷ നേതാവ്. 2001മേയ് 17 ന് മൂന്നാം തവണ മുഖ്യമന്ത്രി. പക്ഷേ, പാർലമെൻറ് തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുണ്ടായ രാഷ്ട്രീയ വികാസങ്ങളുടെ അടിസ്ഥാനത്തിൽ 2004 ആഗസ്റ്റ് 29 ന് രാജിവച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവി കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ രാജിവച്ചു. അങ്ങനെ കോൺഗ്രസിൽ രവി ഗ്രൂപ്പ് ശക്തിപ്പെട്ടു.

വയലാർ രവി പാർലമെൻറിലേക്ക് ചിറയിൻകീഴിൽ നിന്ന് വിജയിച്ചുകയറി. പിന്നെ രാജ്യസഭാംഗം. ആൻറണി പാർലമെൻറിലേക്ക് മത്സരിച്ചിട്ടില്ല. രാജ്യസഭാ അംഗമായി ഒരു തവണ കേന്ദ്ര സിവിൽ സപ്ളൈസ് മന്ത്രിയും രണ്ട് തവണ കേന്ദ്ര പ്രതിരോധ മന്ത്രിയുമായി. പഞ്ചസാര ഇറക്കുമതിയുമായി ബന്ധപ്പെട്ട ആഴിമതി ആരോപണമുണ്ടായപ്പോൾ തനിക്ക് പങ്കില്ലെങ്കിലും കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ആൻറണി ഇമേജ് കാത്തു. വയലാർ രവി കേന്ദ്ര വ്യോമയാന, പ്രവാസി വകുപ്പ് മന്ത്രിയായി.

ഇങ്ങനെ സ്ഥാനമാനങ്ങൾ അലങ്കരിച്ച ഇരുവരും നേർക്കുനേർ ‌ഏറ്റുമുട്ടിയ മത്സരവുമുണ്ടായി. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്കായിരുന്നു അത്. കരുണാകരൻെറ സ്ഥാനാർത്ഥിയായിരുന്നു രവി. അവിടെ രവിക്ക് മുന്നിൽ ആൻറണി വീണു. എന്നാൽ അതിന് മുമ്പ് രണ്ടുതവണ ആൻറണി കെ.പി.സി.സി പ്രസിഡൻറായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി പ്രസിഡൻും മുഖ്യമന്ത്രിയും കെ.എസ്.യു പ്രസിഡൻറും ആൻറണിയായിരുന്നു. ആൻറണി ഇപ്പോഴും വർക്കിംഗ് കമ്മിറ്റി അംഗവും കോൺഗ്രസിൻെറ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി അംഗവുമാണ്.