tv-r

തുറവൂർ : ദേശീയപാതയ്ക്കരികിലെയും മീഡിയനിലെയും ഉണങ്ങിയ പുൽപ്പടർപ്പുകൾ തീപിടിത്ത ഭീഷണി ഉയർത്തുന്നു. ചേർത്തല ഒറ്റപ്പുന്ന മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലാണ് റോഡിന് ഇരുവശത്തും മീഡിയനിലും നിൽക്കുന്ന പുൽക്കാടുകൾ കടുത്ത വേനലിൽ ഉണങ്ങിയ നിലയിലുള്ളത്. മിക്ക ദിവസങ്ങളിലും റോഡരികിൽ തീ പടരാറുണ്ട്. ഇന്ധനം കയറ്റി പാതയിലുടെ കടന്നു പോകുന്ന ടാങ്കർ ലോറികളിലെ ഡ്രൈവർമാർ ആശങ്കാകുലരാണ്. റോഡിൽ തീ ആളിക്കത്തുമ്പോൾ നാട്ടുകാരോ അല്ലെങ്കിൽ അഗ്നിശമന സേനയോ എത്തി കെടുത്തുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അരൂരിലും വയലാർ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുൻവശത്തും റോഡരികിലെ കുറ്റിക്കാടുകൾക്ക് തീപിടിച്ചപ്പോൾ അഗ്നിശമന സേനാംഗങ്ങൾ എത്തി വെള്ളം പമ്പ് ചെയ്താണ് നിയന്ത്രണ വിധേയമാക്കിയത്. കിലോമീറ്ററുകളോളം ദൂരത്തിൽ ഒരാൾപ്പൊക്കത്തിലാണ് റോഡിന് മദ്ധ്യഭാഗത്തും ഇരുവശങ്ങളിലും പുല്ലുകളും കുറ്റിച്ചെടികളും വളർന്ന് നിൽക്കുന്നത്. കുറ്റിക്കാടുകൾ നീക്കാൻ അതാത് പ്രദേശത്തെ പഞ്ചായത്തുകളോ, ദേശീയപാത അധികൃതരോ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.