മാവേലിക്കര : മാവേലിക്കര നഗരത്തിൽ നിന്ന് അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിലായി. തഞ്ചാവൂർ സമുദ്രക്കര മാരിയമ്മൻ കോവിൽ തെരുവ് അണ്ണാനഗർ ഡോർ നമ്പർ 25 ബിയിൽ താമസക്കാരനായ സുന്ദരരാജൻ(പാണ്ടിബാബു-55) ആണ് മാവേലിക്കര സി.ഐ വി.പി മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പെട്രോളിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. മറ്റൊരു അന്തർ സംസ്ഥാന മോഷ്ടാവ് നെയ്യാറ്റിൻകര സ്വദേശി ആൽബിൻ രാജിനെ കഴിഞ്ഞ ദിവസം കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി 125 ഓളം മേഷണക്കേസുകളിൾ പ്രതിയാണ് ഇയാൾ. പന്തളം പൊലീസ് സ്‌റ്റേഷനതിർത്തിയിൽ നടന്ന മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെയാണ്. ഭിക്ഷാടനം എന്ന വ്യാജേന 2003 മുതൽ ഇയാൾ കേരളത്തിലുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറെയും മോഷണങ്ങൾ നടത്തിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ രണ്ടു ഭാര്യമാരും ആറുമക്കളുമുള്ള സുന്ദരരാജന് തഞ്ചാവൂരില്‍ കൃഷിയും ഭൂമിയുമുണ്ട്. ആളില്ലാത്ത വീടുകൾ കണ്ടുവച്ച് ഭിത്തിതുരന്നും ഓടും വാതിലും പൊളിച്ചുമാണ് മോഷണം നടത്തുന്നത്.
ഹരിപ്പാട് ഭാഗത്തു നിന്നും ബുധനാഴ്ച രാവിലെ മാവേലിക്കരയെത്തിയ സുന്ദരരാജൻ ബാറിൽ കയറി മദ്യപിച്ച ശേഷം തിയേറ്ററിൽ സിനിമ കാണാൻ കയറി. രാത്രിയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള എസ്.ബി.ഐ എ.ടി.എമ്മിന് സമീപം ഇയാള്‍ പതുങ്ങി നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. സി.ഐക്കൊപ്പം സി.പി.ഒമാരായ സിനു വർഗീസ്, വി.ഗോപകുമാർ, അൽ അമീൻ എന്നിവരുമുണ്ടായിരുന്നു.