ചാരുംമൂട് : സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ആദിക്കാട്ടുകുളങ്ങര ചായക്കാരേത്തു കിഴക്കേതിൽ പരേതനായ സലിമിന്റെയും താജ്നിസയുടേയും മകൻ ഷിബിൻ (18) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച സുഹൃത്ത് നാദിർഷയ്ക്കും ബൈക്ക് യാത്രക്കാരനായ മുഹമ്മദ് ഷായ്ക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ 10.15ന് കെ. പി റോഡിൽ നൂറനാട് പത്താം മൈൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. നാദിർഷായും ഷിബിനും നൂറനാട് ഭാഗത്തേക്ക് സ്കൂട്ടറിൽ വരുമ്പോൾ എതിർ ദിശയിൽ നിന്ന് മുഹമ്മദ് ഷാ ഓടിച്ചു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മൂവരേയും അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഷിബിന്റെ നില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ഷിബിന്റെ സഹോദരങ്ങൾ: തൻസൽ, സബീൻ. നൂറനാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.