ആലപ്പുഴ: വാഹനപ്പെരുപ്പം കാരണം നഗരത്തിൽ കാൽനടക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലാ കോടതി മുതൽ കോടതിപ്പാലം വരെയുള്ള യാത്രയാണ് അപകടം നിറഞ്ഞത്. അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി ഞെരുങ്ങി വേണം കോടതിപ്പാലം മുതൽ ജില്ലാ കോടതിവരെ യാത്ര ചെയ്യാൻ. തിരക്കുള്ള രാവിലെയും വൈകിട്ടുമാണ് കാൽ നടക്കാർ ഏറെ പ്രയാസപ്പെടുന്നത്.
നടപ്പാതയിൽ നിലകൊള്ളുന്ന ട്രാൻസ്ഫോർമറും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുമാണ് പ്രധാന വില്ലൻമാർ. . സമീപത്തുള്ള കടകളിൽ സാധനങ്ങൾ മേടിക്കാൻ വരുന്നവരുടെ വാഹനങ്ങളാണ് റോഡരികിൽ പാർക്ക് ചെയ്യുന്നത്. ചിലരാകട്ടെ മണിക്കൂറുകൾ കഴിഞ്ഞിട്ടേ വാഹനങ്ങൾ ഇവിടെ നിന്ന് മാറ്റുകയുള്ളൂ. വഴിയോരക്കച്ചവടവും തലവേദനയാണ്.
സമീപത്തുള്ള സ്കൂളിന്റെ മുമ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്കൂൾ വിടുമ്പോൾ കുട്ടികൾ വളരെ പ്രയാസപ്പെട്ടാണ് സൈക്കിൾ ഇറക്കുന്നത്.
കാൽനടയാത്രക്കാരെ വാഹനങ്ങൾ തട്ടിയിടുന്നത് ഇവിടെ പതിവാണ്.
രാവിലെ ധൃതിയിൽ ജോലി സ്ഥലത്തേക്ക് ഒാടുന്ന സ്ത്രീകൾ റോഡരികിലെ വാഹനങ്ങളിൽ ഷാൾ ഉടക്കി മറിഞ്ഞ് വീഴാറുണ്ട്.
.......
'' കോടതിപ്പാലത്തിന് സമീപം ഏറെ ഗതാഗതക്കുരുക്കുള്ള ഭാഗമാണ്.പലപ്പോഴും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. വഴിയോരക്കച്ചവടക്കാരാണ് പ്രധാന തടസം. പല പ്രാവശ്യം അവരെ ഒഴിപ്പിക്കുമെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് പിന്നെയും കച്ചവടം ആരംഭിക്കും. കച്ചവടക്കാരിൽ കൂടുതലും വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരാണ്. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് പെറ്റി അടിക്കുന്നുണ്ട്.
(മോഹൻദാസ്,ട്രാഫിക് എസ്.എെ)