ചാരുംമൂട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു. കിളികൊല്ലൂർ ശാസ്താംനഗർ ശാലോമിൽ ജോൺ ഈശോ(സണ്ണി) - ഷാലു ദമ്പതികളുടെ മകൻ ജോൺ ഹാരിസ് (21) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ചാരുംമൂട് ജംഗ്ഷന് തെക്ക് ഗുരുനാഥൻ കുളങ്ങരയ്ക്ക് സമീപമുള്ള വളവിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടക്കുന്ന കൊമേഴ്സ് ഫെസ്റ്റിൽ പങ്കെടുക്കാനായി വരികയായിരുന്ന ജോൺ ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് ചെങ്ങന്നൂരിൽ നിന്ന് കൊല്ലത്തിനു പോവുകയായിരുന്ന വേണാട് ബസുമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻ ചക്രം ബസിന്റെ അടിയിലായി. പരിക്കേറ്റ ജോൺ ഹാരിസിനെ ഉടൻ തന്നെ കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൂറനാട് എസ്.ഐ വി.ബിജു, മാവേലിക്കര എം.വി.ഐ കെ.ജി.ബിജു, എ.എം.വി.ഐ ശരത്ചന്ദ്രൻ എന്നിവർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി.ജോൺ ഹാരിസിന്റെ മാതാപിതാക്കൾ മസ്കറ്റിലാണ്. ഹാരിസ്, നോയൽ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.