തുറവൂർ: ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള അനുഗ്രഹ ടി.എൻ.ടി ചിട്ടി കമ്പനിയുടെ കുത്തിയതോട് ശാഖ പൂട്ടിയതിനെ തുടർന്ന്ചിറ്റാളമാരും നിക്ഷേപകരും കുത്തിയതോട് പൊലിസിൽ പരാതി നൽകി.ചിട്ടി കമ്പനി ഉടമകൾക്കെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു.

കുത്തിയതോട് ടൗണിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ ദിവസം വൈകിട്ടാണ് അടച്ചു പൂട്ടിയത്.വിവരം അന്വേഷിച്ച ഫീൽഡ് ജീവനക്കാരോട് ഹെഡ് ഓഫീസിലെ പ്രധാന വ്യക്തി മരിച്ചതാണ് കാരണമെന്നാണ് ആദ്യം അറിയിച്ചത്. ഒൻപത് വർഷമായി പ്രവർത്തിച്ചു വന്നിരുന്ന ഈ ചിട്ടി സ്ഥാപനത്തിൽ ഓഫീസ് ,ഫീൽഡ് ജീവനക്കാരടക്കം 20-ഓളം വനിതകളാണ് ഉണ്ടായിരുന്നത്. സ്ത്രീകളാണ് വീടുകളിൽ നിന്നും കടകളിൽ നിന്നും ദിവസം / ആഴ്ച, മാസ കണക്കിൽ ചിട്ടി തുക ശേഖരിച്ചിരുന്നത്.ചിട്ടിയ്ക്കും നിക്ഷേപങ്ങൾക്കുമായി 10,000 മുതൽ 3 ലക്ഷത്തിലധികം അടച്ചവരാണ് ഭൂരിഭാഗവും.കേരളത്തിലെ വിവിധ ജില്ലകളിലായി 50-ഓളം ശാഖകളാണ് ടി.എൻ.ടി.കമ്പനിയ്ക്ക് ഉണ്ടായിരുന്നത്. ഹെഡ് ഓഫീസും മറ്റ് ശാഖകളും ഉടമകളുടെ വീടും പൂട്ടിയ നിലയിലാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം പറവൂർ കുഞ്ഞിതൈ സ്വദേശിയും പരേതനായ കുറുപ്പശേരി തോമസിന്റെ മക്കളുമായ നെൽസൻ, ടെൻസൻ എന്നിവരാണ് ചിട്ടി കമ്പനിയുടമകൾ. ചില ചിറ്റാളന്മാർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ചിട്ടി ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് കളക്ഷൻ ഏജന്റുമാർ പൊലീസിൽ പരാതി നൽകി. ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും കുത്തിയതോട് എസ്.ഐ.ജയൻ പറഞ്ഞു.